സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍കോട് ജില്ലയില്‍ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ നടക്കും.
Also Read: നോവായി മിഥുന്‍; മരണത്തില്‍ വ്യാപക പ്രതിഷേധം; നാളെ വിദ്യാഭ്യാസ ബന്ദ്
ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. നാളെയും കാസര്‍കോട് റെഡ് അലർട്ടാണ്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്കാണ് നാളെ അവധിയുള്ളത്. കണ്ണൂർ ജില്ലയിലും നാളെ റെഡ് അലർട്ടാണ്. വയനാട്ടില്‍ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Also Read: ഒന്നാം പ്രതി വൈദ്യുതവകുപ്പ്, രണ്ടാം പ്രതി സ്കൂള്‍ മാനേജ്മെന്‍റ്; 'സിസ്റ്റം' കൊലപ്പെടുത്തിയ മിഥുന്‍
സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതി തീവ്രമഴക്കുള്ള മുന്നറിയിപ്പുള്ളത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതി ശക്തമായ മഴക്കുള്ള ഒാറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴതുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.