nimisha-priya-21
  • മോചനത്തിന് തീവ്രശ്രമം തുടരുന്നു
  • ദയാധനം തലാലിന്‍റെ കുടുംബം സ്വീകരിക്കുമോ?
  • ഉള്ളുരുകി കാത്ത് കുടുംബം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ഇന്ന് നിര്‍ണായകദിനം. നാളത്തെ വധശിക്ഷ നടപ്പാക്കാതിരിക്കാനും കൊല്ലപ്പെട്ടയാളുടെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കുന്നതിനുമായുള്ള ശ്രമങ്ങള്‍ വിവിധതലങ്ങളില്‍ തുടരുകയാണ്. 

നാളെ യെമനില്‍ നേരം പുലര്‍ന്നാല്‍ എന്തും സംഭവിക്കാം. സനായിലെ  ജയിലില്‍ നിമിഷപ്രിയ, യെമന്‍ തലസ്ഥാനമായ ഏഡനില്‍ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, ഇങ്ങ് കേരളത്തില്‍ നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ്, 12വയസുകാരി മകള്‍ എന്നിവര്‍ കാത്തിരിക്കുകയാണ്. ആശങ്കയോടെ. 

വധശിക്ഷ നീട്ടിവയ്ക്കാം

യെമനിലെ ഹൂതി സര്‍ക്കാരിന് വധശിക്ഷ നീട്ടിവയ്ക്കാമെങ്കിലും കൊല്ലപ്പെട്ട തലാലിന്റെ ഗ്രാമത്തിലും ഗോത്രത്തിലും  ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ അവര്‍ക്ക് നല്ല ബോധ്യമുണ്ട്. പ്രതിഷേധങ്ങള്‍ക്ക് വരെ സാധ്യത. തലാലിന്റെ കുടുംബത്തിന്റെ അനുമതി തേടാതെ ശിക്ഷ മാറ്റിവയ്ക്കാമോ എന്നതിലും അവ്യക്തതയുണ്ട്. 

ദയാധനം, മാപ്പ് 

മോചനത്തിന് മറ്റ് മാര്‍ഗമില്ല. ദയാധനം സ്വീകരിക്കാതെ മാപ്പ് നല്‍കാം, സ്വീകരിച്ചും മാപ്പ് നല്‍കാം.  പത്തുലക്ഷം ഡോളര്‍, വൈദ്യസഹായം, ജോലി എന്നിവ  വാഗ്ദാനം ചെയ്തെങ്കിലും തലാലിന്റെ കുടുംബം  വഴങ്ങിയതുമില്ല. കൃത്യമായ ഒരു തുക ചോദിച്ചിട്ടുമില്ല. 

എന്താണ് ശ്രമങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗികതലത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ –  നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവരം പുറത്തുകൊണ്ടുവന്ന മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം,  യെമനിലെ അഭിഭാഷകര്‍, എംബസി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണിത്. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ നിലപാടെടുത്തത് ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. 

കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ  നിർദ്ദേശപ്രകാരം യെമനിലെ  സൂഫി പണ്ഡിതൻ ഷെയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിൾ നടത്തുന്ന ചര്‍ച്ചകള്‍.  പ്രതികരണം അനുകൂലമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനുപുറമെ സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ ദയാധനം സ്വരൂപിച്ചും നിയമവഴിയിലൂടെയും സഹായം എത്തിക്കാന്‍ ശ്രമിക്കുന്നു. അബ്ദുല്‍റഹിം സഹായസമിതി പോലെ സംഘടനകളും ഗള്‍ഫിലും കേരളത്തിലുമുള്ള ബിസിനസുകാരും ജനപ്രതിനിധികളും ഇവര്‍ക്ക് പിന്തുണയായുണ്ട്. 

ENGLISH SUMMARY:

The fate of Nimisha Priya, a Malayali nurse on death row in Yemen, hangs in the balance today. As tomorrow approaches, her family in Kerala and mother in Aden anxiously await news on whether her execution will be stayed or if a 'blood money' settlement can secure her release