യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ വിവിധ ഇടപെടലുകൾ 2020 മുതൽ നടന്നിട്ടുണ്ടെങ്കിലും, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലാണ് ഇപ്പോള്‍ നിര്‍ണായകമായതെന്ന് ശശി തരൂര്‍ എംപി. യെമനില്‍ ഇന്ത്യയ്ക്ക് ഒരു എംബസിയുണ്ട്. എന്നാൽ യെമനിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യം കാരണം, 2015 ഏപ്രിൽ മുതൽ ജിബൂട്ടിയിലെ ഒരു ക്യാമ്പ് ഓഫീസിൽ നിന്നാണ് സനയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഇത് കൊണ്ട് തന്നെ നമ്മുടെ നയതന്ത്രപരമായ ഇടപെടലുകൾ ഇതു വരെ വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈ അവസരത്തിൽ ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിയ മർകസ് ചാൻസലറുമായ ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അദ്ദേഹത്തിൻ്റെ ദീർഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടൽ പുതിയ പ്രതീക്ഷ നൽകുകയാണ്. അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ വിജയകരമാകാൻ കേരളം ഒറ്റക്കെട്ടായി പ്രാർത്ഥിക്കുന്നു.
മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കാനും വെറുപ്പും വിദ്വേഷവും വളർത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദെന്ന് തരൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആശങ്കകള്‍ക്കൊടുവില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് രാജ്യത്തിനാകെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്. വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെയാണ് യെമന്‍ ഭരണകൂടം വധശിക്ഷ മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ കാന്തപുരം എപി അബുബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളാണ് ഒടുവില്‍ ലക്ഷ്യത്തിലെത്തിയത്. ഇതിനൊടുവിലായി വധശിക്ഷ മാറ്റി വയ്ക്കുന്നതായി അറ്റോണി ജനറല്‍ ഉത്തരവിറക്കുകയുമായിരുന്നു.
ഇന്ത്യയ്ക്ക് നയതന്ത്രപരമായി ഇടപെടല്‍ നടത്താന്‍ തീര്‍ത്തും വിരളമായ സാധ്യത മാത്രമുള്ളിടത്താണ് സ്വകാര്യ ഇടപെടലുകള്‍ നിര്‍ണായകമായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രമായി ഇടപെടാന്‍ പരിമിതികളുള്ള പ്രദേശമായ സനയിലാണ് നിമിഷപ്രിയ അറസ്റ്റിലായതെന്നതാണ് പ്രധാന കാരണം. ഈ പ്രദേശമാട്ടെ ഹൂതികളുടെ നിയന്ത്രണത്തിലുമാണ്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ ഇടപെടുന്നതില്‍ പരിധിയുണ്ടെന്ന് കഴിഞ്ഞ ദിവസം അറ്റോണി ജനറൽ ആര്‍. വെങ്കടരമണിയും കോടതിയെ അറിയിച്ചിരുന്നു.യെമനിലെ സങ്കീര്‍ണ സാഹചര്യം തന്നെയാണ് ഇതിന് കാരണം. യെമനില്‍ കാര്യമായൊന്നും ഇന്ത്യയ്ക്ക് ചെയ്യാനാകില്ല. ഇവിടെ ഭരിക്കുന്ന ഹൂതികളെ നയതന്ത്രപരമായി അംഗീകരിച്ചിട്ടില്ല. യെമനിൽ ഇന്ത്യക്ക് എംബസി ഇല്ലെന്നതും ഈ സങ്കീര്‍ണതയേറ്റി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയ്ക്ക് പകരം,ലോക രാജ്യങ്ങള്‍ അംഗീകരിച്ച ഏഡനില്‍ വച്ചാണ് നിമിഷപ്രിയ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു എന്നും കോടതിയില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.അനൗദ്യോഗികമായ മാർഗങ്ങളിലൂടെയാണ് സർക്കാർ ഇടപെടലെന്നാണ് അറ്റോണി ജനറൽ കോടതിയെ അറിയിച്ചത്. യെമനില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല എന്നായിരുന്നു അറ്റോണി ജനറലിന്‍റെ വിശദീകരണം. യെമന്‍റെ തലസ്ഥാനമടക്കമുള്ള മേഖല ഭരിക്കുന്ന ഹൂതികളുമായി ഇന്ത്യയ്ക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. തലസ്ഥാനമായ സനയിലാണ് നിമിഷ പ്രിയ ജയിലില്‍ കഴിയുന്നത്. ലോകത്തെ മറ്റിടം പോലെയല്ല യെമന്‍. പൊതുവായി പോയി സ്ഥിതിഗതികൾ സങ്കീർണ്ണമാക്കാതെ സ്വകാര്യ ഇടപെടല്‍ ശ്രമിക്കുകയാണെന്നും ചില ഷെയ്ഖമാരെയും അവിടെ സ്വാധീനമുള്ള ആളുകളെയും ഇടപെടിക്കുന്നുണ്ടെന്നുമാണ് കേന്ദ്രം അറിയിച്ചത്.
ഇതാണ് കേസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഇടപെടാനുമുണ്ടായ കാരണം. കാന്തപുരത്തിന്‍റെ നിർദ്ദേശപ്രകാരം യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിസ് നടത്തുന്ന ചര്‍ച്ചകളാണ് നിമിഷപ്രിയയുടെ കേസില്‍ നിര്‍ണായകമായത്.കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി അടക്കം ഉമർ ബിൻ ഹാഫിസിന്‍റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതുവരെ അടുക്കാതിരുന്ന കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ഉമർ ബിൻ ഹാഫിസിന്‍റെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സമ്മതിച്ചത് കേസില്‍ അനുകൂലമായാണ് കാണുന്നത്. തലാലിന്‍റെ കൊലപാതകം, വീട്ടുകാര്‍ക്കപ്പുറം ധമാര്‍ മേഖലയിലടക്കം വൈകാരികമായ വിഷയമാണ്. ഇക്കാരണത്താലാണ് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ഇതിനുമുമ്പ് ബന്ധം സ്ഥാപിക്കാനാകാന്‍ സാധിക്കാത്തതിരുന്നത്. കാന്തപുരത്തിന്‍റെ ഇടപെടലിലൂടെയാണ് കുടുംബവുമായി ആദ്യമായി ആശയവിനിമയം സാധ്യമായത് കേസില്‍ അനുകൂലമാണ്.