akhil-marar-vs-satheeshan

Image Credit: Facebook.com/Akhilmarar123

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രാഷ്ട്രീയ വിമര്‍ശനവുമായി അഖില്‍ മാരാര്‍. കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയില്‍ പോപ്പുലർ ഫ്രണ്ട്, ജമാഅത് ഇസ്ലാമി പോലെയുള്ള സംഘടനകൾ നിശബ്ദരാകുമ്പോള്‍ പ്രതിപക്ഷ നേതാവ് അസ്വസ്ഥനാകുന്നത് എന്തിനാണ് എന്നാണ് അഖില്‍ മാരാറിന്‍റെ ചോദ്യം. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ സുരക്ഷിതരാണെന്ന് കാന്തപുരം ഒരു ദേശിയമാധ്യമത്തോട് പറഞ്ഞിരുന്നു. അത് കാന്തപുരത്തിന്‍റെ അഭിപ്രായമാണെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങൾ വലിയ അരക്ഷിതത്വമാണ് നേരിടുന്നതെന്നുമാണ് സതീശന്‍ പറഞ്ഞത്. ഇതിലാണ് അഖില്‍ മാരാറിന്‍റെ വിമര്‍ശനം. 

പ്രധാനമന്ത്രിയെ കണ്ട ശേഷം കാന്തപുരം നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത് ഇസ്‍ലാമി പോലെയുള്ള സംഘടനകൾക്കാണ്. എന്നാൽ അവർ നിശബ്ദർ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആകുകയും ചെയ്യുകയാണ്. മുസ്‍ലിം മത പണ്ഡിതർക്കില്ലാത്ത ആവലാതി പ്രതിപക്ഷ നേതാവിന് എന്തിനാണെന്നാണ് അഖിലിന്‍റെ ചോദ്യം.  

വർഗീയ ശക്തികളെ കൂട്ടുപിടിച്ചു അധികാരത്തിൽ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ല. ജമാ അത്തെ ഇസ്‍ലാമിക് മാത്രമല്ല ആര്‍എസ്എസിന് പഴയ വര്‍ഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത്‌ അംഗീകരിക്കുകയല്ലേ വേണ്ടത് എന്നും അഖില്‍ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. 

നേരത്തെ കോണ്‍ഗ്രസുമായി അടുത്തു നിന്നിരുന്ന അഖില്‍ മാരാര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടയിലാണ് സതീശനെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റ്. 

ENGLISH SUMMARY:

Akhil Marar criticizes VD Satheesan's stance on Kanthapuram Aboobacker Musliyar's statement. He questions why the opposition leader is agitated when organizations like Popular Front and Jamaat-e-Islami remain silent regarding the statement about the safety of Muslims in India after meeting the Prime Minister.