തിരുവനന്തപുരം വക്കത്ത് കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ അരുണും അമ്മ വത്സലയും ജീവനൊടുക്കിയതിന് കാരണക്കാര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപണം. അരുണിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ച പേരുകളെല്ലാം പ്രാദേശിക ബിജെപി നേതാക്കളുടേതും പ്രവര്‍ത്തകരുടേതുമാണ്. ബിജെപിക്ക് സ്വാധീനമുള്ള പാട്ടിക്കവിളാകം വാര്‍ഡിലെ മെമ്പറായ അരുണ്‍ ജനകീയനാണ്. നാട്ടിലെ എല്ലാ പൊതുപ്രശ്നങ്ങളിലും ഇടപെടുന്നയാളുമാണ്. അങ്ങനെയുള്ള ഒരു ജനപ്രതിനിധിയെ മോശമാക്കി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടാണ് ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയതെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിജെപി പ്രാദേശിക നേതൃത്വമാണെന്നുമാണ് ആരോപണം.
തുടക്കം ഓണാഘോഷത്തിലെ തര്‍ക്കം
കഴിഞ്ഞ ഓണാഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരുവശത്ത് അരുണും മറുവശത്ത് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും. സംഘര്‍ഷത്തിനുപിന്നാലെ അരുണിനെതിരെ ബിജെപി പ്രാദേശിക നേതൃത്വം ദലിത് വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകനെ കൊണ്ട് പരാതി കൊടുപ്പിച്ചു. തര്‍ക്കത്തിനിടയില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നാണ് പരാതി. പൊലീസ് പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസുമെടുത്തു. കേസ് വ്യാജമാണെന്ന് തുടക്കം മുതല്‍ അരുണ്‍ വാദിച്ചു. പക്ഷെ വര്‍ക്കല ഡി.വൈ.എസ്.പി കേസ് അന്വേഷിച്ച് അരുണിനെതിരെ കുറ്റം ചുമത്തി. ഇങ്ങനെയൊരു കേസില്‍ തന്നെ അകപ്പെടുത്തിയതിന്‍റെ മനോവിഷമത്തിലായിരുന്നു അരുണ്‍. കേസുള്ളതിനാല്‍ പാസ്പോര്‍ട്ട് പുതുക്കാനുള്ള പൊലീസ് ക്ലിയറന്‍സും ലഭിക്കാതെ വന്നു. വിദേശത്ത് പോകാനുള്ള അരുണിന്‍റെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
ജനകീയ ജനപ്രതിനിധി
വിദേശത്തായിരുന്നു അരുണിന് ജോലി. അതുപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മണ്ഡലം പ്രസിഡന്‍റായി. തുടര്‍ന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ നാട്ടുകാരുടെ പ്രിയങ്കരനായി. ലോക്ഡൗണ്‍ കാലത്ത് ആവശ്യവസ്തുക്കളും മരുന്നുകളുമൊക്കെ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. വക്കം നിലയ്ക്കാമുക്ക് സ്കൂളിന് സമീപം ബവ്റിജസ് ഔട്ട്ലറ്റ് തുറന്നപ്പോള്‍ അത് സമരം ചെയ്ത് പൂട്ടിച്ചതിന് നേതൃത്വം കൊടുത്തത് അരുണായിരുന്നു. ഇതെല്ലാം രാഷ്ട്രീയത്തിലുപരിയായി അരുണിന് നാട്ടില്‍ പിന്തുണ നേടിക്കൊടുത്തു.
ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമോ?
തന്‍റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ വ്യക്തമായി പരമാര്‍ശിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും അവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമോ എന്ന ചോദ്യത്തിന് പൊലീസിന് കൃത്യമായ മറുപടിയില്ല. പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കടയ്ക്കാവൂര്‍ സി.ഐയുടെ നിലപാട്. അരുണിനെതിരെ പട്ടികജാതി നിരോധന നിയമപ്രകാരം കേസുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പക്ഷെ ഇതിന്‍റെ പേരില്‍ പാസ്പോര്‍ട്ടിനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന ആരോപണം പൊലീസ് നിഷേധിച്ചു. പി.സി.സിക്കുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സി.ഐ പറഞ്ഞു. പി.സി.സി കോടതി വഴി അപേക്ഷിച്ചാല്‍ കിട്ടാവന്നതേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.