വാഗമണിൽ ചാർജിങ് സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന അമ്മയുടെയും കുഞ്ഞിന്റെയും മുകളിലേക്ക് കാർ പാഞ്ഞുകയറി നാലു വയസ്സുകാരൻ മരിച്ചതിൽ കാർ ഓടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെയാണ് കേസ്. ഓട്ടമാറ്റിക് കാറിൽ ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഗുരുതരമായ പരുക്കേറ്റ കുഞ്ഞിന്റെ അമ്മ ആര്യയും ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
ഇന്നലെ വൈകിട്ട് വാഗമൺ വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിലെ അപകടത്തിലാണ് തിരുവനന്തപുരം നേമം ശാന്തിവിള സ്വദേശിനി ആര്യയുടെ മകൻ നാലു വയസുള്ള അയാൻഷ്നാഥ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അമ്മ ആര്യ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ചാർജിങ് സ്റ്റേഷനിൽ കാർ ചാർജ് ചെയ്യാൻ നിർത്തിയിട്ട ശേഷം അമ്മയും മകനും കാറിനു പുറത്ത് ഇരിക്കുകയായിരുന്നു.
ഈ സമയം ചാർജ് ചെയ്യാനായി കയറിവന്ന മറ്റൊരു കാറാണ് ഇരുവരുടെയും മുകളിലേക്ക് ഇടിച്ചു കയറിയത്. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനാണ് കാർ ഓടിച്ചത്. ഓട്ടമാറ്റിക് കാറിൽ ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
പാലാ പോളിടെക്നിക് കോളജിലെ അധ്യാപികയാണ് ആര്യ. പാലായിലെ വീട്ടിൽ നിന്ന് ഭർത്താവ് ശബരീനാഥിനൊപ്പം വാഗമൺ കാണാനെത്തിയതായിരുന്നു ആര്യയും മകനും.