sabarimala

TOPICS COVERED

ശബരിമല സന്നിധാനത്തെ പുതിയ നവഗ്രപ്രതിഷ്ഠ ഇന്ന്. ഉച്ചയ്ക്ക് പതിനൊന്നിനും പന്ത്രണ്ടിനും മധ്യേ കന്നി രാശിയിലാ‌ണ് പ്രതിഷ്ഠ. പുതിയ ശ്രീകോവിലിന്‍റെ തൂണുകള്‍ നാഗബന്ധനപ്പൂട്ടിലാണ് നിര്‍മിച്ചത്. ദേവപ്രശ്ന വിധിപ്രകാരമാണ് നവഗ്രഹപ്രതിഷ്ഠ മാറ്റി സ്ഥാപിക്കുന്നത്.

രാവിലെ ശയ്യയില്‍ ഉഷപൂജയില്‍ തുടങ്ങി മരപ്പാണി, മുഹൂര്‍ത്തം എന്നീ ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രതിഷ്ഠ. തുടര്‍ന്ന് അഷ്ടബന്ധ ലേപനവും ബ്രഹ്മകലശാഭിഷേകവും കുംഭാഭിഷേകവും പ്രസന്നപൂജയും ദീപാരാധനയോടും കൂടി പ്രതിഷ്ഠാദിന ചടങ്ങുകള്‍ പൂര്‍ത്തിയാകും. 

ബിംബശുദ്ധി ക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. പഴയ ശ്രീകോവിലില്‍ നിന്ന് കലശം ആടി ആവാഹിച്ച വിഗ്രഹം കലശമണ്ഡപത്തിലേക്ക് മാറ്റി. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് പ്രതിഷ്ഠ.ദേവസ്വം ബോര്ഡഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് താഴികക്കുടത്തില്‍ ഞവരനെല്ല് നിറച്ചു. ജലദ്രോണി പൂജ, കുംഭേഷകര്‍ക്കരി പൂജ തുടങ്ങിയ ചടങ്ങുകളും ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. 12 ടണ്‍ ഭാരമുള്ള നാല് കൃഷ്ണശിലകളിലാണ് ക്ഷേത്രത്തിന്‍റെ പഞ്ചവര്‍ഗത്തറയും പീഢവും കൊത്തി എടുത്തിരിക്കുന്നത്.

പഞ്ചവര്‍ഗത്തറയുടെ നാലുമൂലയിലേയും തൂണുകള്‍ പഞ്ചവര്‍ഗത്തറയുമായി നാഗബന്ധനപ്പൂട്ട് കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ ഉപയോഗിച്ചിരിക്കുന്നത് നാഗബന്ധനപ്പൂട്ടാണ്. 28 കഴുക്കോലുകള്‍ 27 നക്ഷത്രങ്ങളേയും മകരവിളക്ക് കണക്കാക്കുന്ന അഭിജിത്ത് നക്ഷത്രത്തേയും പ്രതിനിധീകരിക്കുന്നു. ശ്രീകോവിലിന് അഭിമുഖമായി കഴുക്കോലിന് പുറത്ത് ഗജവ്യാളി രൂപങ്ങളും കൊത്തിയിട്ടുണ്ട്.

ENGLISH SUMMARY:

A new Navagraha (nine planets) installation ceremony is taking place today at the Sabarimala Sannidhanam. The consecration is scheduled between 11 AM and 12 noon, aligning with the Kanni Rasi (Virgo) phase. The new Sreekovil (sanctum sanctorum) pillars have been constructed with traditional Nagabandhanam design. The relocation and reinstallation follow the directives of the temple's devaprasnam (astrological ritual).