kollam-kn-b

കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിന്‍റെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി എം മുകേഷ് എംഎല്‍എയ്ക്കൊപ്പം, ഡിപ്പോ സന്ദര്‍ശിച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍. ആധുനിക സൗകര്യങ്ങളോട്കൂടിയ നാലുനില കെട്ടിടസമുച്ചയമാണ് നിർമിക്കുക. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ 10 കോടി രൂപയും എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള അഞ്ചു കോടി രൂപയും ചേര്‍ത്ത് 15 കോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന ബസ്സ്റ്റാൻഡിന്റെ രൂപരേഖയ്ക്ക് അംഗീകാരം നല്‍കിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

നിലവിലെ ബസ് സ്റ്റാന്‍ഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കും. പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡും ഉടൻ  നവീകരിക്കും. പ്രധാന നിരത്തിനോട് ചേര്‍ന്ന് ബസ് സ്റ്റാന്‍ഡ് വരുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും.  നാലു നിലകളിലായി 34,432 ചതുരശ്ര അടിയിലാണ് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുക.

ഒന്നാം നിലയില്‍ ഗ്യാരേജ്, ഓഫീസുകള്‍, ഇലട്രിക്കല്‍-സ്റ്റോര്‍ റൂം, ജീവനക്കാര്‍ക്കുള്ള വിശ്രമ മുറികള്‍, ലിഫ്റ്റ് എന്നിവയും രണ്ടാം നിലയില്‍ കൊറിയര്‍ റൂം, ശീതീകരിച്ച ഫാമിലി വെയ്റ്റിംഗ് റൂമുകള്‍, സ്ത്രീകള്‍ക്ക് ഫീഡിങ് റൂം ഉള്‍പ്പെടയുള്ള പ്രത്യേക കാത്തിരുപ്പ് കേന്ദ്രങ്ങള്‍, സുരക്ഷാ മുറി, പൊലീസ് എയ്ഡ് പോസ്റ്റ്, പൊതു ശൗചാലയങ്ങള്‍, ബുക്കിംഗ്/അന്വേഷണ കൗണ്ടറുകള്‍ എന്നിവ ഒരുക്കും. മൂന്നാം നിലയില്‍ പുരുഷന്മാര്‍ക്കുള്ള ഡോര്‍മെറ്ററി, ഷീ-ഷെല്‍ട്ടര്‍, കെയര്‍ ടേക്കര്‍ മുറി, റെസ്‌ടൊറന്റ് എന്നിവയും ക്രമീകരിക്കും. നാലാം നിലയില്‍ ഡ്രൈവര്‍/ കണ്ടക്ടര്‍, സ്ത്രീ ജീവനക്കാര്‍ക്കുള്ള വിശ്രമമുറികള്‍, ബജറ്റ് ടൂറിസം, ഡി ടി ഓ എന്നിവയ്ക്കായി മുറികള്‍, ഓഫീസ് ഏരിയ, കോണ്‍ഫറന്‍സ് ഹാൾ  ജലവിതരണം എന്നീ സംവീധാനങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Modern KSRTC Bus Stand to Come Up in Kollam, Announces Minister KN Balagopal