ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം സഹിക്കാന്‍ വയ്യാതെ പിഞ്ചുകുഞ്ഞുമായി ജീവനൊടുക്കിയ വിപഞ്ചിക എഴുതിയ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്‍റെ മുഖം കണ്ട് കൊതി തീര്‍ന്നില്ലെന്നും ചിരി കണ്ട് മതിയായിട്ടില്ലെന്നും മരിക്കാന്‍ ഒരാഗ്രവുമില്ലെന്നും നെഞ്ചുപൊട്ടി വിപഞ്ചിക കുറിച്ചിട്ടുണ്ട്. തന്‍റെ മരണത്തില്‍ ഭര്‍ത്താവും നാത്തൂനും ഭര്‍ത്താവിന്‍റെ അച്ഛനുമാണ് പ്രതികളെന്നും അവര്‍ കുറിച്ചു. വിവാഹം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു പോയി, കാര്‍ കൊടുത്തില്ല എന്നെല്ലാം പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്യുന്നതെല്ലാം സഹിച്ചുവെന്നും നിതീഷിന്‍റെ സ്നേഹമോര്‍ത്ത് എല്ലാം ഉള്ളിലൊതുക്കിയെന്നും വിപഞ്ചിക വിശദീകരിച്ചിട്ടുണ്ട്.
വിപഞ്ചികയുടെ കുറിപ്പിലെ ചില ഭാഗങ്ങള്‍ ഇങ്ങനെ...: 'ഏഴാം മാസത്തില്‍ എന്നെ എന്‍റെ വീട്ടില്‍ നിന്ന് നിതീഷ് ഇറക്കിവിട്ടു. നീതുവിന് വേണ്ടി എന്നിട്ട് ഒമാനില്‍ പോയി. ഏഴാം മാസം ആ വയറുമായി ഞാന്‍ ഹോസ്റ്റലില്‍ താമസിച്ചു. എന്നെ തല്ലിപ്പിക്കും നിതീഷിനെ വച്ച്.. എന്നെ ഹോസ്റ്റലില്‍ വിടണമെന്ന് പറഞ്ഞു. വീട് റിന്യൂ ചെയ്യിക്കില്ല, ഇറക്കിവിടണമെന്നൊക്കെ മെസേജ് അയച്ചേക്കുന്നത് ഞാന്‍ കണ്ടു. കാശില്ലാത്ത വീട്ടില്‍ നിന്ന് വന്നവളായത് കൊണ്ട് ഞാന്‍ ഒന്നും അര്‍ഹതയില്ലാത്തവളാണ്.
നിതീഷിന് ഒരുപാട് പെണ്ണുങ്ങളുമായി ബന്ധമുണ്ട്.തുടക്കത്തിലൊക്കെ അച്ഛനും പെങ്ങളും പറഞ്ഞ് എന്നെ തല്ലുമായിരുന്നുവെങ്കിലും എന്‍റെ കാര്യങ്ങള്‍ നോക്കുമായിരുന്നു. കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി എനിക്ക് വെള്ളമോ ആഹാരമോ ഡ്രസോ ഒന്നും തരില്ല. എന്നെ നോക്കില്ല.
എന്നെ ഫിസിക്കലി അബ്യൂസ് ചെയ്തിട്ട് അബദ്ധം പറ്റിയതാണെന്ന് പറയും. വേറെ പെണ്ണുങ്ങളുമായുള്ള അവിഹിതം ഞാന്‍ കണ്ടുപിടിച്ചിട്ടും എന്‍റെ കുഞ്ഞിനെ ഓര്‍ത്ത് ഞാന്‍ അതൊക്കെ ക്ഷമിക്കാന്‍ ഞാന്‍ തയ്യാറായി. പക്ഷേ വീട്ടില്‍ വരാറില്ല. ഇവിടെ കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ വരുന്ന സ്ത്രീയുണ്ട്. ജോയ്സ്..അവര്‍ക്കെല്ലാം അറിയാം. എന്‍റെ കുഞ്ഞിനെ ഒരിക്കല്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പോലും രാത്രിയില്‍ എനിക്കവരെ വിളിക്കേണ്ടി വന്നു.
എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. എന്‍റെ ലോക്കറിന്‍റെ കീ നിതീഷിന്‍റെ അച്ഛന്‍റെ കൈവശമായിരുന്നു. അത് ഞാന്‍ വാങ്ങിയതാണ് അടുത്ത വൈരാഗ്യത്തിന്‍റെ കാരണം. പട്ടിയെ പോലെ തല്ലിയിട്ടുണ്ട്. ആഹാരം തരില്ല. നാട്ടില്‍ കൊണ്ടുപോകില്ല. നിതീഷ് നീതുവിനെ മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ. ഞാനും എന്‍റെ കുഞ്ഞും എന്നും ഒറ്റയ്ക്കാണ്.
അയാള്‍ വൈകൃതമുള്ള ഒരു മനുഷ്യനാണ്. കാണാന്‍ പാടില്ലാത്ത വിഡിയോസ് കണ്ടിട്ട് അതുപോലെ ബെഡ്ഡില്‍ വേണമെന്ന് ആവശ്യപ്പെടും. എനിക്കൊന്നും വാങ്ങിക്കാനോ എവിടെലും കൊണ്ടു പോകാനോ നീതു സമ്മതിക്കാറില്ല.
ഒക്കെ ക്ഷമിച്ചു, സഹിച്ചു..കുഞ്ഞിന് വേണ്ടി. വയ്യ മടുത്തു ഞങ്ങള്‍ക്ക് ഈ ജീവിതം. പറഞ്ഞ് അറിയിക്കാന്‍ പറ്റാത്തതിന് അപ്പുറമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനി വയ്യ. എന്‍റെ കുഞ്ഞിന് വയ്യാഞ്ഞിട്ട് പോലും അയാളിവിടെ ഇല്ല. അവരെ വെറുതേവിടരുത്. അവര്‍ക്ക് ഞാന്‍ മാനസിക രോഗിയാണെന്ന് വരുത്തിത്തീര്‍ക്കണം. എന്‍റെ കൂട്ടുകാര്‍ക്കും എന്‍റെ ഓഫിസില്‍ ഉള്ളവര്‍ക്കും എല്ലാവര്‍ക്കും എല്ലാം അറിയാം. അവര്‍ക്കറിയാം എന്നെയും എന്‍റെ കുഞ്ഞിനെയും നീതുവും നിതീഷും അവരുടെ അച്ഛനും ചെയ്യുന്ന ദ്രോഹങ്ങള്‍. മടുത്തു..എന്‍റെയോ എന്‍റെ കുഞ്ഞിന്‍റെയോ ആത്മാവിന് ഒരിക്കലും ശാന്തി ഉണ്ടാവില്ല. എന്‍റെ കയ്യിലുള്ള ഒരു മാലയ്ക്ക് വേണ്ടി ഇപ്പോള്‍ എന്നെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുവാണ്. മയ്യ മടുത്തു. എന്‍റെ മുടി വെട്ടാന്‍ വരെ അവളാണ് കാരണം. ഒരുപാട് കാശുള്ളവരാണ്. എന്നിട്ടും എന്‍റെ കുറച്ച് സാലറിക്ക് വേണ്ടി എന്നെ ദ്രോഹിച്ചോണ്ടേയിരിക്കുവാ. എല്ലാം സഹിച്ചു. സ്വന്തം അമ്മായിയപ്പന്‍ മിസ് ബിഹേവ് ചെയ്തതുവരെ സഹിച്ചു. എല്ലാവര്‍ക്കും എല്ലാം അറിയാം. ഈ ലോകം കാശുള്ളവരുടേതാണ്. എന്‍റെ കുഞ്ഞിനെ പോലും നോക്കാത്ത അവസ്ഥയാണ്. എല്ലാം ഉപദ്രവിച്ചിട്ട് കുഞ്ഞിനെയും എന്നെയും ഇല്ലാണ്ടാക്കുമെന്ന ഭീഷണിയാണ്'.
ചൊവ്വാഴ്ചയാണ് ഒന്നര വയസുകാരി മകളെ കയറിന്‍റെ ഒരറ്റത്ത് കെട്ടിത്തൂക്കി മറ്റേ അറ്റത്ത് 33കാരിയായ വിപഞ്ചികയും കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കൊല്ലം സ്വദേശിയായ ഭര്‍ത്താവ് നിതീഷുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു വിപഞ്ചിക. വിവാഹബന്ധം വേര്‍പെടുത്താനുള്ള നിതീഷിന്‍റെ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചിരുന്നുവെങ്കിലും നിതീഷ് അത് വകവച്ചില്ല. ഒടുവില്‍ ബന്ധം വേര്‍പെടുത്തുന്നതിനുള്ള നിയമനടപടികള്‍ വിശദീകരിച്ചുള്ള വക്കീല്‍ നോട്ടിസ് കൈപ്പറ്റിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.