സർവീസ് നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ തടഞ്ഞ് പണിമുടക്ക് അനുകൂലികൾ. എറണാകുളം ടിപ്പോയിലാണ് ഡ്രൈവറെ പണിമുടക്ക് അനുകൂലികൾ ഭീക്ഷണിപ്പെടുത്തിയും ദേഷ്യപ്പെട്ടും ബസ് മാറ്റിയിടിയിച്ചത്, ‘വണ്ടി ഒതുക്കടോ..,സംസാരം വേണ്ടാ, എന്ന് പറഞ്ഞ് ബസിന് മുന്നില്‍ ചാടിയ സമരാനുകൂലികള്‍ ദേഷ്യത്തോടെ വാഹനം തടഞ്ഞും, ഓടാന്‍ അനുവദിക്കാതിരിക്കുകയും ആയിരുന്നു. ഇതുവരെ ഓടിക്കാനറിയാമെങ്കില്‍ ഒതുക്കാനും എനിക്കറിയാം എന്ന് ഡ്രൈവറും മറുപടി കൊടുക്കുന്നുണ്ട്.
തിരുവനന്തപുരത്തും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് പൊലീസ് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. ആർസിസിലേക്ക് ഉൾപ്പെടെയാണ് സർവീസ്. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ആർടിസി ഡിപ്പോകളിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. എന്നാൽ സർവീസുകൾ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. എത്തുന്നവരെ സർവീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. തൃശൂരും സർവീസ് നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്ക് പുരോഗമിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. കേരളത്തിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്.