ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ മുഴുവൻ നഷ്ടമായ മുണ്ടക്കൈയിലെ നൗഫലിന് ഇനി സ്നേഹവീടിന്‍റെ തണൽ. മസ്ക്കറ്റ് കെ.എം.സി.സി യാണ് മേപ്പാടിയിൽ നൗഫലിന് പുതിയ വീട് നിർമ്മിച്ചു നൽകിയത്.
ദുരന്തം തുടച്ച് നീക്കിയ ഒരു നാടിൻ്റെ ജീവിക്കുന്ന പ്രതീകമാണ് മുണ്ടകൈയിലെ നൗഫൽ. മാതാപിതാക്കളും ഭാര്യയും കുട്ടികളും ഉൾപ്പെടെ 11 പേരെ നഷ്ടമായ നൗഫലിനെ ആരും മറക്കാനിടയില്ല. ഇപ്പോൾ ഇതാ അതിജീവനത്തിൻ്റെ പാതയിൽ മറ്റൊരു ചുവട് വയ്പ്പ് കൂടി. സ്വന്തമായി ഒരു വീടിൻ്റെ തണൽ. മസ്ക്കറ്റ് കെഎംസിസിയാണ് മേപ്പാടി പൂത്തകൊല്ലിയിൽ നൗഫലിനായി ഒരു സ്നേഹവീട് ഒരുക്കിയത്.
നൗഫൽ തന്നെ കണ്ടെത്തിയ സ്ഥലത്ത് ആറ് മാസം കൊണ്ട് 1200 സ്ക്വയർ ഫീറ്റിൽ വീടിന്‍റെ നിർമാണം പൂർത്തിയാക്കി. ദുരന്തം ഉണ്ടായ സമയത്ത് വിദേശത്ത് ആയിരുന്നു നൗഫൽ. ജൂലൈ 30 എന്ന പേരിൽ ഇപ്പോൾ മേപ്പാടിയിൽ ഒരു റസ്റ്ററന്‍റ് നടത്തുകയാണ്. മനോരമ ന്യൂസ് ലൈവത്തണിന് പിന്നാലെയാണ് റസ്റ്ററന്‍ററിന് വേണ്ട സഹായം എത്തിയത്. സങ്കടത്തിന്‍റെ നാളുകളെ അതിജീവിച്ച് നൗഫൽ കൂടുതൽ പ്രതീക്ഷകളോടെ മുന്നോട്ട് നീങ്ങുന്നു.