ഇന്ന് ലോക ചോക്‌ലേറ്റ് ദിനം. ചോക്‌ലേറ്റ് പ്രേമികള്‍ക്കായി ഒരു ദിവസം. പ്രിയപ്പെട്ടവര്‍ക്കൊപ്പം അല്‍പ്പം മധുരം നുണയാം. പ്രിയപ്പെട്ടവര്‍ക്കായി അല്‍പ്പം മധുരം സമ്മാനിക്കാം.
ചെറുപ്രായത്തില്‍ ആദ്യമായി നമ്മള്‍ നുണഞ്ഞ മധുരം.... ഫോറിന്‍ മിഠായികള്‍ക്കായി കാത്തിരുന്ന കുട്ടിക്കാലം. ഓര്‍മകളിലെ സ്നേഹത്തിന്‍റെ ഭാഷ. അതേ ലോകത്തിലെ ഏറ്റവും മധുരം പറയുന്ന ഭാഷ...ചോക്‌ലേറ്റ്..... 1550 കളില്‍ ആദ്യമായി യൂറോപ്പിലെത്തിയ ചോക്‌ലേറ്റ് മധുരം പിന്നീട് ലോകമെങ്ങും പടര്‍ന്നുപിടിച്ചു. പിന്നെ ചോക്ലറ്റ് പ്രണയത്തിന്‍റെ പ്രതീകമായി... സമ്മാനങ്ങളിലെ സ്ഥിരം സാന്നിധ്യമായി.... കൊക്കോ മരങ്ങളില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ ഫാക്ടറികളിലേക്കെത്തുന്ന മധുരം യൂറോപ്പിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ രുചിയാണ്. അതുകൊണ്ടു തന്നെയാവണം ആദ്യമായി യൂറോപ്പിന്‍റെ മണ്ണിലെത്തിയ മധുരത്തിന്‍റെ വാര്‍ഷികമെന്നോണം 2009 മുതല്‍ ലോക ചോക്‌ലേറ്റ് ദിനം ആഘോഷിക്കുന്നതും. ചോക്‌ലേറ്റ് ദിനം വന്നതോടെ ഓര്‍മ്മകള്‍ക്ക് പുതുമ പകര്‍ന്നു നല്‍കാനുള്ള തിരക്കിലാണ് നിര്‍മ്മാതാക്കളും വ്യാപാരികളും. സ്വിസ്, ബെല്‍ജിയം ചോക്ലേറ്റ് മുതല്‍ കുനാഫാ ചോക്ലറ്റ് വരെ ഓരോ ഫ്ലേവറും ഓരോ അനുഭവം...വില കൂടിയ ചോക്‌ലേറ്റുകള്‍ നിറച്ച കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ബോക്സ്, ട്രോളി ഹാംപറുകള്‍ ഇവയെല്ലാം ഇതിനോടകം വിപണി കീഴടക്കി കഴിഞ്ഞു. ചോക്‌ലേറ്റ് ഉരുകുന്നത് നാവിലല്ല, ഹൃദയത്തിലാണ്...ഇന്ന് ആ ഹൃദയത്തില്‍ ചെറിയ ഒരു പുഞ്ചിരിയും ചേര്‍ത്തുനോക്കൂ.