കുട്ടനാട്ടിൽ ഈവർഷത്തെ വള്ളംകളി ആരവത്തിന് തുടക്കമാകുന്നു. ബുധനാഴ്ച നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ അഞ്ച് ചുണ്ടൻ വള്ളങ്ങളടക്കം പതിനൊന്ന് കളിവള്ളങ്ങൾ അണിനിരക്കും. സീസണിലെ ആദ്യത്തെ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളിക്കായി ടീമുകൾ എല്ലാം തയ്യാറെടുത്ത് കഴിഞ്ഞു.
മിഥുനമാസത്തിലെ മൂലം നാളില്‍ പമ്പായാറിൽ തുടക്കം കുറിക്കുന്ന ജലമാമാങ്കം. നാനൂറോളം വര്‍ഷം പഴക്കമുള്ള ചമ്പക്കുളം മൂലം വള്ളംകളിയുടെ പുതിയ സീസണായി ഒരുനാടാകെ ഒന്നായി ഒരുങ്ങുകയാണ്.ദിവസങ്ങളേറെയെടുത്തുള്ള തയ്യാറെടുപ്പുണ്ട് ഓരോ ആവേശ തുഴയ്ക്ക് പിന്നിലും.
തുഴച്ചിൽക്കാരും പങ്കായക്കാരും താളക്കാരും ഇടിയൻമാരുമടക്കം നൂറിലധികം ആളുകൾ ഒന്നിച്ച് ഒരു മനമോടെ ഒരേ ലക്ഷ്യത്തിലേക്ക്. ഏറ്റവും പിന്നിലായി നിലയുറപ്പിച്ച് വള്ളത്തിന്‍റെ ഗതി നിയന്ത്രിക്കുന്ന പങ്കായക്കാരൻ. ഇരുവശത്തും നിന്ന് ആവേശം പകരുന്ന ഇടിയന്മാരുടെ താളത്തിനൊപ്പം ചേർന്ന് തുഴക്കാർ. ചുണ്ടനെ മുന്നിലെത്തിക്കുന്നതിന് ഓരോ തുഴക്കാരനും കൃത്യമായ ചുമതലകളുണ്ട്.
ഇക്കൊല്ലത്തെ രാജപ്രമുഖൻ ട്രോഫിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ടീമുകൾ സജ്ജം. വള്ളംകളി പ്രേമികൾ കാത്തിരിക്കുന്ന കുട്ടനാടിന്‍റെ ജലോത്സവത്തിന്, ആവേശ കാഴ്ചകൾക്ക്,ഇനി മണിക്കൂറുകൾ മാത്രം ബാക്കി.