വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓര്‍മകളില്‍ നിറഞ്ഞ് കോഴിക്കോട് ബേപ്പൂരിലെ വൈലാലില്‍ വീട്. 31-ാം ചരമവാര്‍ഷിക ദിനത്തില്‍ നിരവധി സ്കൂള്‍ വിദ്യാര്‍ഥികളും പ്രമുഖകരും ബഷീറിന്‍റെ വീട്ടില്‍ ഒത്തുകൂടി. അനുസ്മരണയോഗം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
രാവിലെ മുതല്‍ ബേപ്പൂരിലെ വൈലാലില്‍ വീട്ടിലേക്ക് സ്കൂള്‍ കുട്ടികള്‍ ഒഴുക്കായിരുന്നു. വായിച്ചും കേട്ടുമറിഞ്ഞ സുല്‍ത്താന്‍റെ ഓര്‍മകള്‍ വിദ്യാര്‍ഥികള്‍ അടുത്തറിഞ്ഞു. ബഷീര്‍ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് പലരും എത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ബഷീറിന്‍റെ ചാരുകസേരയും ഗ്രാമഫോണും പേനയും എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളും നേരില്‍ കണ്ടു.
വിശ്വവിഖ്യാതമായ മങ്കോസ്റ്റിന്‍ മരത്തിന്‍റെ ചുവട്ടില്‍ ഫോട്ടോ എടുക്കാന്‍ തിരക്കായിരുന്നു. ബേപ്പൂരില്‍ നിര്‍മിക്കുന്ന ബഷീര്‍ സ്മാരകത്തിന്‍റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാവുമെന്ന് മന്ത്രി വ്യക്തമാക്കി. ബഷീറിന്‍റെ അപൂര്‍വചിത്രങ്ങളുടെയും പുസ്തകങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.