തിരുവനന്തപുരത്ത് ആകെ പെട്ടുകിടക്കുന്ന ബ്രിട്ടന്‍റെ പോര്‍വിമാനം എഫ് 35 ബി സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷന്‍ ആയിക്കഴിഞ്ഞു. ട്രോളിനും മീമുകള്‍ക്കുമൊന്നും കണക്കില്ല. വിമാനത്തിന് മലയാളി പേരും ആധാര്‍ കാര്‍ഡും നല്‍കിയ വിരുതന്‍മാര്‍ മുതല്‍ കെഎസ്ആര്‍ടിസി ഏറ്റെടുക്കട്ടെ എന്ന് ആഗ്രഹിക്കുന്ന ആളുകള്‍ വരെയുണ്ട് സോഷ്യല്‍ മീഡിയയില്‍. ട്രോളാക്കി മുതലെടുത്തവരില്‍ കേരള ടൂറിസം വകുപ്പും മില്‍മയുമെല്ലാം വരും. വിമാനം കേരളത്തിലെ ഒരു കൊച്ചു സെലിബ്രിറ്റിയായി മാറിയെന്നാണ് അമേരിക്കന്‍ ദിനപ്പത്രം, ന്യൂയോര്‍ക്ക് ടൈംസ് കുറിച്ചത്.
ജൂണ്‍ 14നാണ് എഫ് 35ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ കാലാവസ്ഥ മോശമായതോടെ വിമാനവാഹിനിക്കപ്പലിലേക്ക് പോകാന്‍ കഴിഞ്ഞില്ല. സാങ്കേതിക തകരാറും ഉണ്ടായി. ഇതോടെയാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും സാങ്കേതിക പ്രശ്നം കാരണം ഇവിടെത്തന്നെ തുടരേണ്ടിവന്നു. പാവം ജെറ്റ് കേരളത്തിന്‍റെ വെയിലും മഴയുമേറ്റ് കിടക്കാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചയായി. ആദ്യ ആഴ്ച തന്നെ ട്രോളുകളുടെ വരവായി.
ഇതിനിടെ കേരളടൂറിസം ഒഫിഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്ത പരസ്യം രാജ്യാന്തര മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തു. 'കേരളം അതിമനോഹരം വന്നാൽ ഇവിടെ വിട്ടുപോകാൻ തോന്നുന്നില്ല' എന്ന കാ പ്ഷനോടെയാണ് കേരള ടൂറിസം പരസ്യം ചെയ്തത്. പിന്നാലെ നാട്ടിന്‍പുറത്തെ കടയില്‍ ചായകുടിക്കാനെത്തുന്ന ജെറ്റിന്‍റെ മീമുകള്‍ വന്നു. പിന്നാലെ വിമാനത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കി ആധാര്‍ നിര്‍മിച്ച് നല്‍കി ചില വിരുതന്‍മാര്‍ രംഗത്തെത്തി. 'എഫ് -35 ബി നായര്‍' എന്നാണ് വിമാനത്തിനിട്ട പേര്. കേരളത്തില്‍ ഇറങ്ങിയ ജൂണ്‍ ആണ് 14 ജനനത്തീയതി. വിലാസമാകട്ടെ തിരുവനന്തപുരവും. ഒടുവില്‍ വിമാനത്തിന് പെയിന്‍റടിച്ച് കെഎസ്ആര്‍ടിസിയാക്കി മാറ്റി കെഎസ്ആര്‍ടിസി ഫാന്‍സുമെത്തി. ‘ഇത്രയുമൊക്കെ ആയിട്ടും ഒരു തീരുമാനം ആകാത്ത സ്ഥിതിക്ക് ഇനി അത് ഞങ്ങൾക്ക് തന്നേക്ക്’ എന്നാണ് കെഎസ്ആര്‍ടിസി ഫാന്‍സ് പറയുന്നത്.
അതേസമയം, എഫ്-35ബി യുദ്ധവിമാനം ഇവിടെവച്ച് നന്നാക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അങ്ങിനെയെങ്കില്‍ ബ്രിട്ടന്‍റെ മുന്നില്‍ ഇനി ഒരു മാര്‍ഗം മാത്രമേ ഉള്ളൂ. വിമാനം പൊളിച്ച് ഭാഗങ്ങളാക്കി ബ്രിട്ടനിലേക്ക് തിരികെക്കൊണ്ടുപോകുക. ചരക്കുവിമാനമായ ഗ്ലോബ് മാസ്റ്ററിലായിരിക്കും വിമാനഭാഗങ്ങള്‍ ബ്രിട്ടന്‍ തിരികെ കൊണ്ടുപോകുക. നിലവില്‍ ജെറ്റ് തിരിച്ചെത്തിക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതായാലും തിരുവനന്തപുരം വിമാനത്താവളത്തില്‍ 24 മണിക്കൂറും ബ്രിട്ടീഷ് സൈനികരുടെ സുരക്ഷയില്‍ കഴിയുകയാണ് ‘കൊച്ചു സെലിബ്രിറ്റി’.