vedan-mohanlal

മദ്യപിച്ചതിന്‍റെ പേരില്‍ വേടന്‍റെ പാട്ട് സിലബസില്‍ നിന്നൊഴിവാക്കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കലിക്കറ്റ് സര്‍വകലാശാല വിസി പി. രവീന്ദ്രന്‍. വേടന്‍റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അംഗീകരിക്കാനാവാത്ത വാദങ്ങള്‍ പലതിലുമുണ്ടെന്നും മദ്യപിച്ചതിന്‍റെ പേരില്‍ ഒഴിവാക്കണമെന്ന് എങ്ങനെ പറയാനാവുമെന്നും പി. രവീന്ദ്രന്‍ ചോദ്യമുയര്‍ത്തുന്നു. 'ശരിയായ നടപടിയല്ല അത്. അങ്ങനെയാണെങ്കില്‍ ജോണ്‍ എബ്രഹാമിന്‍റെ സിനിമയോ, അയ്യപ്പന്‍റെ  കവിതയോ,  പഠിക്കാന്‍ പറ്റാതെ വരും. എന്തിന് മോഹന്‍ലാലിന്‍റെ സിനിമ പോലും കാണാന്‍ പറ്റാതെ വരും' എന്ന് അദ്ദേഹം മനോരമന്യൂസിനോട് പ്രതികരിച്ചു. 

അങ്ങനെയാണെങ്കില്‍ ജോണ്‍ എബ്രഹാമിന്‍റെ സിനിമയോ, അയ്യപ്പന്‍റെ കവിതയോ, പഠിക്കാന്‍ പറ്റാതെ വരും

കലാസൃഷ്ടിയെ കലാസൃഷ്ടിയായി മാത്രം കാണുകയും ആ ഭാഗം മാത്രം വിലയിരുത്തുകയുമാണ് വേണ്ടത്. ഇതിന് പുറമെ വന്ന പരാതികള്‍ പഠിക്കാന്‍ ഡോ.എം.എം. ബഷീറിന്‍റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്ന ശേഷം നടപടിയെടുക്കുമെന്നും എന്നാല്‍ സങ്കുചിതമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമികമായി വിഷയങ്ങളെ കാണുകയാണ് വേണ്ടതെന്നും പി.രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

അക്കാദമിക് വിദഗ്ധരാണ് വേടന്‍റെ പാട്ട് മലയാള ബിരുദ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം സെമസ്റ്ററില്‍ പഠിക്കുന്നതിനായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ സിലബസ് തള്ളാന്‍ പറ്റില്ലെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. സാധാരണ സിലബസിന്‍റെ രൂപീകരണത്തില്‍ വിസി ഇടപെടുന്ന പതിവില്ലെന്നും പി. രവീന്ദ്രന്‍ വിശദീകരിച്ചു. 

'ഭൂമി ഞാന്‍ വാഴുന്നയിടം' എന്ന വേടന്‍റെ പാട്ടാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. പാട്ടും മൈക്കല്‍ ജാക്സന്‍റെ 'The don't care about us' എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളത്. ബിജെപി സിന്‍ഡിക്കറ്റ് അംഗമായ എ.കെ.അനുരാജാണ് പരാതി നല്‍കിയത്. വേടന്‍ ലഹരി വസ്തുക്കളും പുലിപ്പല്ലും കൈവശം വച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്നും വേടന്‍റെ പല വിഡിയോകളിലും മദ്യം ഉപയോഗിക്കുന്നതായി കാണാമെന്നും ഇത്തരം ജീവിതരീതി വിദ്യാര്‍ഥികളില്‍ തെറ്റായ സ്വാധീനമുണ്ടാക്കുമെന്നുമാണ്  പരാതിയില്‍ പറഞ്ഞിരുന്നത്.

ENGLISH SUMMARY:

Calicut University VC P. Raveendran pushed back against demands to remove 'Vedante Paattu' from the syllabus due to the artist's drinking habits. He argued that such a precedent would logically lead to banning films by actors like Mohanlal, emphasizing that artistic merit should be judged independently.