കണ്ണൂർ ശ്രീകണ്ഠപുരത്ത് കെഎസ്ആർടിസി ഡ്രൈവറും ബസ്സിലെ സ്ഥിരം യാത്രക്കാരിയും തമ്മിലുള്ള വിവാഹത്തിന് സാക്ഷിയായി അതേ ബസ്. കാസർകോട് നർക്കിലക്കാട് - മംഗളൂരു റൂട്ടിൽ പത്തുവർഷമായി ബസ് ഓടിക്കുന്ന സിനുവും, അധ്യാപിക സുനന്ദയും തമ്മിലായിരുന്നു വിവാഹം. ബസ്സിലെ സ്ഥിര യാത്രക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മയാണ് അതേ ബസ്സിനെ വിവാഹത്തിന് എത്തിയത്. സേവ് ദ ഡേറ്റ് മുതല്‍ വിവാഹം വരെയുള്ള കാര്യങ്ങളില്‍ അടിമുടി വ്യത്യസ്തത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. ശ്രീകണ്ഠാപുരത്ത് വരനും സുഹൃത്തുക്കളും എത്തിയത് കെഎസ്ആര്‍ടിസി ബസ്സിൽ. പക്ഷേ കല്യാണത്തെ വ്യത്യസ്തമാക്കിയത് വരനും വധുവിനും പിന്നെ പങ്കെടുത്ത നിരവധി ആളുകൾക്കും ഈ ബസ്സുമായി ഉള്ള അഗാധ ബന്ധമാണ്.
ശ്രീകണ്ഠപുരം അടുക്കം സ്വദേശി സിനുവിന്റെയും പരപ്പ സ്വദേശി സുനന്ദയുടെയും കല്യാണത്തിലെ താരം ഈ കെഎസ്ആർടിസി ബസാണ്. വിവാഹ ഓട്ടത്തിന് എത്തിയ വെറുമൊരു കെഎസ്ആർടിസി ബസ്സിന് അപ്പുറം, ഇവരുടെ ജീവിതം കൂട്ടിയിണക്കിയത് ഈ ആനവണ്ടിയാണ്. വരൻ സിനു 10 വർഷമായി നർക്കിലക്കാട് മംഗളൂരു റൂട്ടിൽ ഓടുന്ന ഈ കെഎസ്ആർടിസി ബസിലെ ഡ്രൈവറാണ്. ഒരിക്കൽ പരപ്പയിൽ നിന്നും ബസ്സിലേക്ക് അധ്യാപിക സുനന്ദയും കയറി, സ്ഥിരം യാത്രക്കാരിയായി. പിന്നെ സിനുവിന്റെ പങ്കാളിയും.
കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരാണ് ബസ്സിലെ സ്ഥിരം യാത്രക്കാരില്‍ കൂടുതലും. ഇവർക്ക് ഒരു വാട്ട്സപ്പ് കൂട്ടായ്മയും ഉണ്ട്. യാത്രക്കാരാണ് ഇഷ്ട ഡ്രൈവറുടെ കല്യാണത്തിന് എത്തിച്ചേരാൻ ഇതേ ബസ് തന്നെ വേണമെന്ന് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ചു. യാത്രക്കാർ ബസുമായി ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാളിൽ വിവാഹത്തിന് എത്തി. വിവാഹശേഷം സിനു വീണ്ടും അതേ ബസ്സിൽ ഡ്രൈവറായി തിരിച്ചെത്തി. സ്ഥിരം യാത്രക്കാർക്കൊപ്പം, ജീവിതസഹായാത്രികയും ഡബിൾ ബെല്ലടിച്ച് സിവിനുവിനൊപ്പം ഉണ്ട്.