വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ വിമർശിക്കപ്പെട്ടെന്നത് വസ്തുതാവിരുദ്ധമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഉരുൾപൊട്ടൽ ബാധിതർക്കായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി 30 വീടുകൾ നിർമ്മിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. മീൻ വിറ്റും പായസം വിറ്റും സമാഹരിച്ച മുഴുവൻ പണവും യൂത്ത് കോൺഗ്രസിന്‍റെ അക്കൗണ്ടിലുണ്ട്. അതിൽ ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ല. ഇത് സംബന്ധിച്ച ബാങ്ക് രേഖകൾ പരസ്യപ്പെടുത്തി കൊണ്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
വയനാട്ടിൽ വീടുനിർമിക്കാൻ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസ് അപേക്ഷ നൽകി. പക്ഷെ സർക്കാർ ഭൂമി നൽകിയില്ല. സ്വന്തമായി ഭൂമി കണ്ടെത്തി കൊടുക്കാമെന്നും അത് ഏറ്റെടുത്ത് നൽകണമെന്ന് അറിയിച്ചിട്ടും ഉണ്ടായില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിരിഞ്ഞുകിട്ടിയ 750 കോടിക്ക് മേൽ സർക്കാർ നിഷ്ക്രിയമായി ഇരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്നും പിരിച്ച പണം വകമാറ്റിയെന്ന് തെളിയിച്ചാൽ താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാമെന്നും രാഹുൽ പറഞ്ഞു.
‘ഞങ്ങൾ കരുവന്നൂർ ഭരണസമിതി ഒന്നുമല്ല ബാങ്ക് അറിയാതെ പണം പിൻവലിക്കാൻ. പാലക്കാട് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പെട്ടിയുടെ വാർത്ത നൽകി. സർക്കാർ ഒരു കള്ളപ്പണക്കാനരാക്കാൻ ശ്രമിച്ചു. നിലമ്പൂരിൽ സമാനമായ പെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിച്ചു. സ്ഥിരമായി ഒരു സാമ്പത്തിക കുറ്റക്കാരൻ ആക്കാൻ ശ്രമിന്നുവെന്നും രാഹുൽ വിമർശിച്ചു.
ഇടപാടുകൾ എല്ലാം നടത്തിയത് സുതാര്യമായാണ്. 88 ലക്ഷം ഒരു അകൗണ്ടിൽ വന്നു. 780 കോടി രൂപ സമാഹരിച്ച് സർക്കാർ എത്ര വീട് വെച്ചു നൽകിയെന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐയും ദുരിതാശ്വാസനിധിയിൽ പണം നൽകി. ഡിവൈഎഫ്ഐ എന്തിനാണ് കളക്ഷൻ ഏജന്റ് ആകാൻ ശ്രമിക്കുന്നത്’ രാഹുല്‍ പറഞ്ഞു.