കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘പാരസറ്റാമോൾ കഴിച്ച് ആർക്കെങ്കിലും പനി മാറിയാൽ അത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്‍റെയും ക്രഡിറ്റ്, വീഴ്ച്ചകൾ എല്ലാം 'സിസ്റ്റത്തിന്‍റെ' മാത്രം കുഴപ്പം എന്ന് പറയുന്ന ഒരു കഴിവ്കെട്ട ആരോഗ്യമന്ത്രി എന്നാണ് രാഹുല്‍ വിമര്‍ശിച്ചിരിക്കുന്നത്. രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 14-ാം വാര്‍ഡ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.