Image Credit: Nandu Prakash

Image Credit: Nandu Prakash

TOPICS COVERED

പത്തനംതിട്ടക്കാരുടെ പ്രിയപ്പെട്ട കൊമ്പനാണ് കഴിഞ്ഞദിവസം ചരിഞ്ഞ ഓമല്ലൂർ മണികണ്ഠൻ. മാതംഗശാസ്ത്രപ്രകാരം ലക്ഷണമൊത്ത കൊമ്പൻ. 56 വയസായിരുന്നു. ചലച്ചിത്ര താരം കെ.ആർ.വിജയ ശബരിമല ക്ഷേത്രത്തിൽ നടയ്‌ക്കിരുത്തിയ ആനയാണ് മണികണ്‌ഠൻ.

ബിഹാറിലെ പ്രശസ്‌തമായ സോൻപുർ മേളയിൽ നിന്നാണ് മണികണ്‌ഠനെ അയ്യപ്പ സ്വാമിക്കു സമർപ്പിക്കാനായി കെ.ആർ.വിജയ സ്വന്തമാക്കിയത്. നാണു എഴുത്തച്ഛൻ ഗ്രൂപ്പാണ് ആനയെ കേരളത്തിൽ എത്തിച്ചത്. ശബരിമലയിൽ നടയ്ക്കുവെച്ചതാണെങ്കിലും അവിടെ വളർത്താനുള്ള സൗകര്യം ഇല്ല. ഇതറിഞ്ഞ്  ശാസ്ത്രി ദാമോദരന്‍റെ നേതൃത്വത്തിലുള്ള ഓമല്ലൂരിലെ ഭക്തർ ദേവസ്വം ബോർഡിനെ സമീപിച്ചാണ് രക്തകണ്‌ഠ സ്വാമി ക്ഷേത്രത്തിനു സ്വന്തമാക്കിയത്. വർഷങ്ങൾക്കുശേഷം മണികണ്ഠൻ ആനയെ ദേവസ്വം ബോർഡ് വൈക്കം മഹാദേവ ക്ഷേത്രത്തിനു കൈമാറി. ഓമല്ലൂരിലെ ഭക്തർ സമരം ചെയ്താണ് മണികണ്ഠനെ തിരികെ കൊണ്ടുവന്നത്.

ശബരിമല, പന്തളം വലിയകോയിക്കൽ, വൈക്കം മഹാദേവ ക്ഷേത്രം, ആറന്മുള തുടങ്ങി മധ്യതിരുവിതാംകൂറിലെ മിക്കവാറും ക്ഷേത്രങ്ങളിലെ ഉത്സവത്തിന് മണികണ്ഠനാന തിടമ്പേറ്റിയിട്ടുണ്ട്. ഓമല്ലൂരിൽ മാത്രമല്ല സംസ്ഥാനത്തിന്‍റെ പലഭാഗത്തും മണികണ്ഠന് ഫാൻസും ഉണ്ട്. മദപ്പാടിലും  ഓമല്ലൂർ ദേശക്കാരോട് അവനു വലിയ പ്രിയമായിരുന്നു. നാട്ടുകാർ നൽകുന്ന ഉണ്ട ശർക്കരയും കരിമ്പും ഓലമടലും അവനു പ്രിയമായിരുന്നു. അതേസമയം ഉപദ്രവിക്കുന്ന പാപ്പാന്മാരോട് തീരാത്ത പകയായിരുന്നു. പാപ്പാന്മാരെ ആക്രമിച്ചപ്പോഴും  നാട്ടുകാരുടെ നിർദേശങ്ങൾക്കു വഴങ്ങിയാണ് അവൻ അടങ്ങി നിന്നത്. അങ്ങനെയാണ് തളച്ചിട്ടുള്ളതും.

ENGLISH SUMMARY:

Pathanamthitta bids farewell to Oomalloor Manikandan, the 56-year-old tusker, revered for his perfect features. Gifted to Sabarimala by actress K.R. Vijaya, the elephant had a unique journey, eventually returning to Oomalloor after devotees' efforts, following a transfer to Vaikom Mahadeva Temple.