കാഴ്ചയുടെ ലോകമില്ലെങ്കിലും സംഗീതത്തിന്‍റെ വെളിച്ചം നിറഞ്ഞുനിൽക്കുന്ന ശുഭയുടെ ജീവിതത്തിലേക്ക് പ്രിയഗായിക കെ.എസ്. ചിത്രയുടെ സ്നേഹസ്പർശം. ഓച്ചിറ സ്വദേശിനിയായ ശുഭ, തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ കെ.എസ്. ചിത്രയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ആ ആഗ്രഹം എം.എൽ.എ സി.ആര്‍.മഹേഷ് ഫെയ്സ്ബുക്കിലിട്ടു. കമന്‍റില്‍ വന്ന് മറുപടിയിട്ടത് സാക്ഷാല്‍ കെ.എസ്.ചിത്രയും. ശുഭയുടെ ആഗ്രഹം അറിഞ്ഞ ചിത്ര, നേരിട്ട് വീട്ടിലെത്തി കാണാമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ്.
ജന്മനാ പൂർണ കാഴ്ചശക്തിയില്ലാത്ത ശുഭയ്ക്ക്, സംസാരത്തിൽ പൂർണമായ വ്യക്തതയില്ലായ്മയും ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ഈ പരിമിതികളൊന്നും അവളുടെ സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന് തടസമായില്ല. ഒരു പാട്ടുകാരിയാകുക എന്നതായിരുന്നു ശുഭയുടെ എക്കാലത്തെയും വലിയ സ്വപ്നം. സാഹചര്യങ്ങൾ പ്രതികൂലമായിരുന്നിട്ടും, ശുഭ തന്‍റെ ആഗ്രഹം സഫലമാക്കാൻ കഠിനമായി പരിശ്രമിച്ചു. അവളുടെ മനോഹരമായ ആലാപനത്തെക്കുറിച്ച് നാട്ടുകാർ എം.എൽ.എയായ സി.ആർ.മഹേഷിനെ അറിയിച്ചു.
ശുഭയുടെ വീട്ടിലെത്തിയ സി.ആർ. മഹേഷ്, അവളുടെ പാട്ടുകൾ ഉൾപ്പെടെയുള്ള വിഡിയോ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. ഈ പോസ്റ്റ് അതിവേഗം വൈറലായി. മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്ര ഈ പോസ്റ്റിന് താഴെ കമൻ്റായി പ്രത്യക്ഷപ്പെടുകയായിരുന്നു. ശുഭയെ നേരിട്ട് വീട്ടിലെത്തി കാണാമെന്ന് വാത്സല്യത്തോടെ ചിത്ര കുറിച്ചു. പ്രിയപ്പെട്ട ഗായികയെ കാണാനായി കാത്തിരിക്കുകയാണ് ശുഭയും കുടുംബവും.