തൃശൂരിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം മാത്രമല്ല ഉള്ളത്, നിരവധി കുഞ്ഞൻ വെള്ളച്ചാട്ടങ്ങളും ഉണ്ട്. അതിൽ ഒരെണ്ണമാണ് വട്ടായി വെള്ളച്ചാട്ടം. കണ്ണിനു കുളിർമയേകുന്ന ആ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചഭംഗിയിലേക്ക്.
മരക്കൂട്ടത്തിനിടയിൽ മറഞ്ഞിരിക്കുന്ന വട്ടായി വെള്ളച്ചാട്ടത്തെക്കുറിച്ച് പുറംലോകത്തിന് വലുതായി അറിവില്ല. മഴക്കാലത്ത് സജീവമാകുന്ന വട്ടായി കാടിനും പടർപ്പിനുമിടയിൽ വെള്ളിനൂലുപോലെ ഒഴുകി വീഴുമ്പോഴുള്ള മുഴക്കം മാത്രമേ പുറത്തു കേൾക്കാറുള്ളു. തൃശൂരിൽ നിന്ന് 13 കിലോമീറ്റർ ഉള്ളിലേക്കു കുണ്ട്കാട് എന്ന മനോഹര ഗ്രാമത്തിലാണ് വട്ടായി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 37 മീറ്റർ ഉയരത്തിൽ ഒഴുകുന്ന വട്ടായി വെള്ളച്ചാട്ടം മഴക്കാലത്താണ് കൂടുതൽ സജീവമാകുന്നത്.വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് പുറമെ ട്രക്കിംഗിനും ഫോട്ടോഗ്രഫിക്കും പറ്റിയ ഇടം കൂടിയാണ് വട്ടായി. സാഹസികത താല്പര്യമുള്ളവർക്ക് ക്യാംപിങ്ങിനും സൗകര്യമുണ്ട്. എന്നാൽ ശക്തമായ നീരൊഴുക്കും വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പാറക്കെട്ടുകളും കാരണം നീന്തൽ ഇവിടെ അനുയോജ്യമല്ല. തൃശൂരിലെ അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലുമെല്ലാം പോലെ വട്ടായി അത്ര പ്രശസ്തമല്ലെങ്കിലും, കുടുംബവും കുട്ടികളുമൊത്ത് സന്തോഷിക്കാനും ഉല്ലസിക്കാനും എന്തുകൊണ്ടും അനുയോജ്യമാണ് ഈ കുഞ്ഞു വെള്ളച്ചാട്ടം.