shivankutty-sg-jsk

ജെഎസ്കെ എന്ന സിനിമയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകുന്നതിനിടെ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തന്റെ പേര് ശിവൻകുട്ടിയാണെന്നും സെൻസർ ബോർഡ് എങ്ങാനും ഈ വഴി വരുമോ എന്നുമാണ് പരിഹാസ രുപേണ മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'എന്റെ പേര് ശിവൻകുട്ടി..സെൻസർ ബോർഡ് എങ്ങാനും ഈ വഴി', എന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്.

ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ചിത്രത്തിന്റെ തലക്കെട്ടിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നല്‍കുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നായിരുന്നു കോടതിയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം.ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ENGLISH SUMMARY:

midst the ongoing controversy surrounding the title change of the film 'JSK', Kerala's Education Minister V. Sivankutty has taken a sarcastic dig at the Censor Board.