ഡോ ഹാരിസിന്റെ വെളിപ്പെടുത്തലിനു കാരണമായ ഉപകരണ ക്ഷാമംമൂലം തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ ഗുരുതര പ്രതിസന്ധിയിൽ. വെള്ളിയാഴ്ച നാല് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ഉപകരണങ്ങൾ വാങ്ങുന്നതിലെ കാലതാമസവും സാമ്പത്തിക പ്രതിസന്ധിയും രോഗികളുടെ ദുരിതം ഇരട്ടിയാക്കുന്നു . ഇതിനിടെ ഡോ. ഹാരിസിന്റെ ആരോപണങ്ങൾ നാലംഗ സമിതി അന്വേഷിക്കും.
ഉപകരണങ്ങൾ വാങ്ങിക്കാൻ വിവിധ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞെന്നും ലജ്ജയും നിരാശയും തോന്നുന്നു എന്നുമായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തൽ.എന്നാൽ ഇതൊരു ഒറ്റപ്പെട്ട അനുഭവം അല്ലെന്നും പല വിഭാഗങ്ങളിലും സമാന സ്ഥിതിയുണ്ടെന്നും ആണ് മെഡിക്കൽ കോളജിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.
വെള്ളിയാഴ്ച യൂറോളജി വിഭാഗത്തിലെ നാല് ശസ്ത്രക്രിയകൾ മുടങ്ങി. പലപ്പോഴും ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ അനിശ്ചിതമായി നീട്ടിവയ്ക്കുന്ന രീതിയും ഉണ്ട്. ചിലപ്പോൾ ശസ്ത്രക്രിയ തീയതി കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നു. രോഗികൾ ഉപകരണങ്ങൾ വാങ്ങി നൽകുന്നതും പതിവാണ്.
പല വിതരണ കമ്പനികൾക്കും കോടികൾ കുടിശ്ശിക ഉള്ളതുകൊണ്ട് ഉപകരണങ്ങൾ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. തനത് ഫണ്ട് ഉപയോഗിച്ച് ഉപകരണങ്ങൾ വാങ്ങാൻ കഴിയുന്ന ആശുപത്രി വികസന സമിതി നോക്കിനിന്നതും പ്രശ്നങ്ങൾ വഷളാക്കി. കാർഡിയോളജി ,ഗ്യാസ്ട്രോ വിഭാഗങ്ങളിലുംസമാന പ്രതിസന്ധിയുണ്ട്. ആരോഗ്യ മന്ത്രിയുടെ ഓഫീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ഒന്നുമുണ്ടായില്ല എന്നാണ് ഡോക്ടർ ഹാരിസ് തുറന്നു പറഞ്ഞത്.
നാഴികയ്ക്ക് 40 വട്ടംനമ്പർവൺ ആരോഗ്യ കേരളം എന്നു പറയുമ്പോഴാണ്സംസ്ഥാനത്തെ നമ്പർ വൺ മെഡിക്കൽ കോളജിൽ ആവശ്യ ഉപകരണങ്ങൾ പോലും ഇല്ലാതെ രോഗികൾ വലയുന്നത്. മികച്ച ഡോക്ടർ എന്ന് പേരെടുത്ത ഇടതുപക്ഷക്കാരൻ കൂടിയായ ഡോക്ടർ ഹാരിസിൻ്റെ തുറന്നു പറച്ചിൽ ആരോഗ്യവകുപ്പിന് കനത്ത ആഘാതം ആണ് നൽകിയിരിക്കുന്നത്.