വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ തള്ളി സംസ്ഥാന സർക്കാർ. നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ കമ്മീഷന് നിയമപരമായ അധികാരമില്ല. ഏതെങ്കിലും കോടതി ഉത്തരവ് അനുസരിച്ചു മാത്രമേ മനുഷ്യാവകാശ കമ്മീഷന് പ്രവർത്തിക്കാനാവൂയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി.
സിദ്ധാർഥൻ്റെ മാതാപിതാക്കൾക്ക് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കഴിഞ്ഞവർഷം ഒക്ടോബറിലെ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പാക്കിയിരുന്നില്ല. തുടർന്ന് ചീഫ് സെക്രട്ടറി ജൂലൈ 10ന് മുൻപാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടിക്രമങ്ങൾ പാലിക്കാതെയാണ് നഷ്ടപരിഹാര ഉത്തരവ് എന്ന വാദവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് സന്ദീപ് വാചസ്പതി അപരിചിതൻ ആണെന്ന് ചൂണ്ടികാട്ടിയാണ് ഹർജി.
നഷ്ടപരിഹാരത്തിന് ഉത്തരവിടാൻ കമ്മീഷന് നിയമപരമായ അധികാരമില്ല എന്നു മാത്രമല്ല, ഇത്തരത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് അനധികൃതവുമാണ് എന്ന് ഹർജിയിൽ പറയുന്നത്. സ്വമേധയാ അല്ലെങ്കിൽ പരാതിക്കാർക്കു വേണ്ടി അതുമല്ലെങ്കിൽ ഏതെങ്കിലും കോടതി ഉത്തരവ് അനുസരിച്ചു മാത്രമേ മനുഷ്യാവകാശ കമ്മീഷന് പ്രവർത്തിക്കാനാവൂ. കേസുമായി ബന്ധമില്ലാത്തവരുടെ പരാതികൾ ഏറ്റെടുക്കേണ്ടതില്ല എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരന് കേസുമായി ബന്ധമില്ലാത്തതിനാൽ കമ്മീഷൻ ഉത്തരവ് ബാധകമല്ലെന്നും സർക്കാർ പറയുന്നു. ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.