കാസർകോട് കോടികൾ മുടക്കി നിർമ്മിക്കുന്ന വിനോദസഞ്ചാര വിശ്രമകേന്ദ്രം കടലെടുത്തു. കണ്വതീർഥ കടൽതീരത്ത് ജില്ലാ ടൂറിസം പ്രമോഷണൽ കൗൺസില്‍ കേന്ദ്രമാണ് തകർന്നത്. പല കാരണങ്ങളാൽ കേന്ദ്രത്തിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.
മഞ്ചേശ്വരം, കണ്വതീർഥ കടൽത്തീരത്താണ് വിനോദസഞ്ചാര വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. ജില്ല ടൂറിസം പ്രമോഷണൽ കൗൺസിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് ഒരുകോടി 15 ലക്ഷമാണ് മുതൽമുടക്കം. കടൽത്തീരത്തുള്ള നിരവധി ചെറു കെട്ടിടങ്ങൾക്ക് അടിയിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം ഉണ്ടായ കടൽക്ഷോഭത്തിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിന് മുൻഭാഗത്തെ നിർമ്മാണം കടലെടുത്തു. ഇനിയും കടലാക്രമണം ഉണ്ടായാൽ കെട്ടിടത്തിന് തന്നെ ഭീഷണിയാണ്.
2023 ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനം പല കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. നിർമ്മാണം 60 ശതമാനം പൂർത്തിയായിരുന്നു. 89 ലക്ഷത്തോളം രൂപ ചെലവാക്കി. കടൽക്ഷോഭത്തിൽ കേന്ദ്രം തകർന്നതോടെ വീണ്ടും പണിയാൻ കൂടുതൽ തുക വേണ്ടിവരും. പല കാരണങ്ങളാൽ നീണ്ടുപോയ നിർമ്മാണം കടലാക്രമണം മൂലം നിലച്ചു പോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ