rain-holiday

File photo

TOPICS COVERED

തോരാമഴ.... വേഗം ഫെയ്സ്ബുക്കില്‍ കയറി കലക്ടറുടെ പേജ് നോക്കും. നാളെ അവധി ഉണ്ടോയെന്നറിയാന്‍. അവധിയെങ്കില്‍ സന്തോഷം, ഇല്ലെങ്കില്‍ കറുത്തിരുണ്ട മാനം പോലെയാകും കുട്ടികളുടേയും മാതാപിതാക്കളുടേയും മുഖം. ‘അതെന്താ കുട്ടനാട്ടില്‍ മാത്രമാണോ മഴ, ഇവിടെ മഴയില്ലേ’, കലക്ടര്‍ ഉറങ്ങുകയാണെന്നു തോന്നുന്നു... എന്നിങ്ങനെയാകും പിന്നെ കമന്റുകള്‍. ചിലര്‍ കുറച്ചു കടുത്ത ഭാഷ പ്രയോഗിക്കും. മറ്റു ചിലരാകട്ടെ ട്രോളും. 

ശരിക്കും കലക്ടർ മാത്രം വിചാരിച്ചാൽ സ്കൂളുകൾക്ക് അവധി കൊടുക്കാൻ പറ്റുമോ?. കലക്ടറെ അങ്ങനങ്ങു ചീത്ത പറയാന്‍ പറ്റുമോ.? 

മഴ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതിനു പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഭൂരിഭാഗം സ്ഥലത്തും വെള്ളം കയറുക, വെള്ളപ്പൊക്കം മൂലം വാഹന ഗതാഗതം നിലയ്ക്കുക, അപകടസാധ്യത, കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് എന്നിവ കണക്കിലെടുത്താണ് കലക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ നിർബന്ധമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്നാണ് നിർദേശം. എന്നാൽ ഓറഞ്ച് അലർട്ട് ഉള്ളപ്പോഴാണു മറ്റു കാര്യങ്ങൾ കൂടി പരിഗണിച്ചു കലക്ടർക്ക് തീരുമാനമെടുക്കേണ്ടി വരുന്നത്.

കാലാവസ്ഥാ മുന്നറിയിപ്പാണു പ്രധാനമായും പരിഗണിക്കുക. എന്നാൽ കാലാവസ്ഥ മുന്നറിയിപ്പുകൾ എപ്പോഴും ശരിയാകണമെന്നില്ല. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ മഴ പെയ്യാതിരുന്നിട്ടുണ്ട്. പ്രത്യേകിച്ച് മഴ മുന്നറിയിപ്പില്ലാത്ത  ദിവസങ്ങളില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായ സംഭവങ്ങളുമുണ്ട്. അതുകൊണ്ട് ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടുകൾ കൂടി നോക്കും. പുഴകളിലെ ജലനിരപ്പ്, അടുത്ത 48 മണിക്കൂറിനുള്ളിൽ പുഴകളിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത, ഏതെങ്കിലും ഡാം തുറന്നാൽ ജില്ലയിൽ വെള്ളമെത്താനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. കൺട്രോൾ റൂമിൽ നിന്നുള്ള ഈ വിവരങ്ങൾ കൂടി പരിഗണിച്ചാവും അവധി തീരുമാനിക്കുക. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശത്തെ സ്കൂളുകൾ, ബോട്ടിനെ ആശ്രയിക്കുന്ന വിദ്യാർഥികൾ തുടങ്ങി വിശദമായ കണക്കു സമാഹരിക്കുന്നുണ്ട്. ഈ ഡേറ്റ കൂടി അടിസ്ഥാനമാക്കിയാവും അവധി പ്രഖ്യാപിക്കുക.

അവധി പ്രഖ്യാപിച്ചത് അൽപം വൈകിയോ

അവധി പ്രഖ്യാപനം വൈകിയതിന്റെ പേരിലും കലക്ടര്‍മാര്‍ വിമര്‍ശനം നേരിടേണ്ടി വരാറുണ്ട്. അതിശക്തമായ മഴയുണ്ടാകുമെന്ന പ്രവചനം തലേദിവസം ഉണ്ടായില്ലെങ്കില്‍ അവധി പ്രതീക്ഷിക്കണ്ട. എന്നാൽ രാവിലെ റഡാർ ഇമേജ് പരിശോധിക്കുമ്പോള്‍ അടുത്ത 3– 4 മണിക്കൂറിൽ അതിശക്തമായ മഴയുണ്ടാകുമെന്ന സൂചന ലഭിക്കുകയാണെങ്കില്‍ അവധി പ്രഖ്യാപിക്കാം. വിദ്യാർഥികൾ സ്കൂളുകളിൽ പോകുന്ന സമയത്തു കനത്ത മഴയുണ്ടാകുമെന്നു മനസ്സിലാക്കിയാണ് ഈ തീരുമാനം

‘‘ഇതു പ്രഫഷനൽ ആണോ സർ’’

‘ കനത്ത മഴമൂലം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു’–ഇതാണു മഴക്കാലത്ത് സാധാരണ കാണാറുള്ള വാർത്ത. രാഷ്ട്രീയക്കാർ പാലിനെയും പത്രത്തെയും ഹർത്താലിൽ നിന്നൊഴിവാക്കുന്നതു പോലെ കലക്ടർമാർ പ്രഫഷനൽ കോളജുകളെ അവധിയിൽ നിന്ന് നൈസായിട്ട് ഒഴിവാക്കും. പെരുമഴയത്തും നനഞ്ഞുകുളിച്ചു ക്ലാസിൽ പോകാനാണു പ്രഫഷനൽ കോളജുകാരുടെ യോഗം. പ്രഫഷനൽ കോളജുകളിൽ പഠിപ്പിക്കുന്നത് നീന്തൽ ഒന്നുമല്ലെന്നു വിദ്യാർഥികൾ രോഷം കൊള്ളും. 

സത്യത്തിൽ ഈ കലക്ടർമാർക്കു പ്രഫഷനൽ കോളജുകാരോടു എന്തെങ്കിലും വിരോധമുണ്ടോ?‘‘ഒരു വിരോധവുമില്ല. പ്രഫഷനൽ കോളജ് വിദ്യാർഥികൾ കുറച്ചു കൂടി മുതിർന്നവരും പക്വതയുള്ളവരും ആയതാണ് അവരെ മാറ്റിനിർത്തുന്നതിന്റെ ഒരു കാരണം. ഒരു എൽപി സ്കൂൾ വിദ്യാർഥി മഴക്കാലത്ത് സ്കൂളിൽ പോകുമ്പോഴുള്ള റിസ്ക് പ്രഫഷനൽ കോളജ് വിദ്യാർഥിയുടെ കാര്യത്തിലില്ല. മാത്രമല്ല, പ്രഫഷനൽ കോഴ്സുകൾക്ക് നിശ്ചിത എണ്ണം ക്ലാസുകൾ വേണമെന്നുണ്ട്. ഒരു ദിവസം പഠനം മുടക്കുന്നത് അവരുടെ സെമസ്റ്റർ, പരീക്ഷ എന്നിവയെ ബാധിക്കും.  എന്നാൽ ഗുരുതരമായ സ്ഥിതിയാണെങ്കിൽ പ്രഫഷനൽ കോളജുകാർക്കും അവധി നൽകാറുണ്ട്.