kerala-rain-sea

ഫയല്‍ ചിത്രം: ജിതിൻ ജോയൽ ഹാരിം /മനോരമ

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും.

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.

ഇടുക്കിയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ ക്യാമ്പ് പ്രവർത്തിക്കുന്നതിനാൽ അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ എൽ.പി, യു.പി വിഭാഗങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ  അടിമാലി മൂന്നാർ പാതയിൽ അനിശ്ചിതകാലത്തേക്ക് യാത്രാനിരോധനം ഏർപ്പെടുത്തി.  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  ജില്ലയിലൂടെ സഞ്ചരിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.

ALSO READ: തീരം തൊടാന്‍ ‘മൊന്‍ ത’; ആന്ധ്രയില്‍ കനത്ത ജാഗ്രത

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊന്‍ ത’ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് തീരത്തോട് അടുക്കുന്നു. ആന്ധ്രാപ്രദേശിലെ കാക്കിനാടക്കു സമീപം മച്ചല്ലിപട്ടണത്തിന് തെക്ക്–കിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. തീരത്ത് എത്തുമ്പോള്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രാ, ഒഡിഷ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുകയാണ്. ആന്ധ്രയിലെ 23 ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടാണ്. കാക്കിനടയിലും പരിസരങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള ഏല്ലാ സർവിസുകളും   ഇൻഡിഗോയും, എയർ ഇന്ത്യയും റദ്ദാക്കി. വിശാഖപട്ടണം വഴി കടന്നു പോകുന്ന 43 ട്രെയിനുകൾ റദ്ദാക്കി.

ENGLISH SUMMARY:

Seven Kerala districts, from Thiruvananthapuram to Ernakulam, are under a Yellow Alert today, with widespread rain expected for two more days. Thrissur Collector declared a holiday for all educational institutions, including professional colleges. In Idukki, an Orange Alert prompts a night-time travel ban on the Munnar Gap Road and a ban on the Adimali-Munnar route. Meanwhile, Cyclone Montha intensifies near the Andhra Pradesh coast.