മതില്‍ക്കെട്ടിനോട് ചേര്‍ന്ന് അതിമനോഹരമായ വെള്ളച്ചാട്ടമുള്ള അപൂര്‍വമായൊരു ക്ഷേത്രം. വിശ്വാസവും ഗ്രാമീണ വശ്യതയും നിറഞ്ഞ കാഴ്ച്ചകളുടെ മാജിക്കിന് മഴക്കാലമായതോടെ മിഴിവേറി. പുറംലോകത്തിന്‍റെ കണ്ണെത്താതിരുന്ന പിറവത്തിന് അടുത്തുള്ള തിരുബലി മഹാദേവ ക്ഷേത്രം പതിയെ സഞ്ചാരികളുടെയും സമൂഹമാധ്യമ റീലുകളിലെയും പ്രിയ ഇടമായി മാറുകയാണ്.
ശിവനാണ് പ്രധാന പ്രതിഷ്ഠ. വനവാസകാലത്ത് ശ്രീരാമന്‍ ഇവിടെ ബലി ഇട്ടു എന്ന് ഐതീഹ്യം. അങ്ങിനെ തിരുബലി എന്ന വിശേഷണം ചേര്‍ക്കപ്പെട്ടു. ക്ഷേത്രത്തെ ചുറ്റിയൊഴുകുന്ന ഏഴക്കരനാട് കുട്ടണംപുറത്തു ചിറയിലെ നീര്‍ച്ചാലില്‍ തടയണ നിര്‍മിച്ചതോടെയാണ് ജലധാര പിറവിയെടുത്തത്.
ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമാണ് തിരുബലി വെള്ളച്ചാട്ടം. ജാതിമതഭേദമന്യേ ആര്‍ക്കും വിശ്വാസ തടസങ്ങളില്ലാതെ ഇവിടെയെത്താം. നിബന്ധന ഒന്നുമാത്രം. പ്രകൃതിയെ മലിനമാക്കരുത്.