renjitha-death-gold

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കേരളത്തിന്‍റെ കണ്ണീരായിരുന്നു നഴ്സ് രഞ്ജിത. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നുയർന്നവൾ പ്രിയപ്പെട്ടവരെ തനിച്ചാക്കി മരണത്തിലേക്ക് പോയ കാഴ്ച ഹൃദയഭേദകമായിരുന്നു. ഇപ്പോഴിതാ  രഞ്ജിതയുടെ ഓർമ്മയ്ക്കായി മക്കൾക്ക് സൂക്ഷിക്കാൻ മാലയും മോതിരവും അധികൃതര്‍  കൈമാറി. രഞ്ജിത ഇരുന്ന 19 എഫ് എന്ന സീറ്റിനടുത്തു നിന്നു കിട്ടിയ വസ്തുക്കളാണ്  ബന്ധുക്കൾക്ക് കൈമാറിയത്. 90 ശതമാനവും കരിഞ്ഞുരുകിയ നിലയിലാണ് സ്വർണമാല.

സീറ്റിനടുത്ത് നിന്ന് സ്വര്‍ണമാല, മോതിരം, വസ്ത്രത്തിന്റെ കത്താത്ത ഭാഗം, ചെരിപ്പ് എന്നിവയാണ് കിട്ടിയത്. പ്രത്യേക പെട്ടിയിലാക്കിയാണ് ഇവ ബന്ധുക്കൾക്ക് കൈമാറിയത്. പുല്ലാട്  വിവേകാനന്ദ സ്‌കൂളില്‍ രഞ്ജിതയുടെ മൃതദേഹത്തിന്‍റെ പൊതുദര്‍ശന സമയം പെട്ടി ആംബുലന്‍സില്‍ തന്നെ സൂക്ഷിച്ചു. മൃതദേഹത്തിനൊപ്പമാണ് പെട്ടിയും വീട്ടിലേക്കെത്തിച്ചത്.

ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്ക് രഞ്ജിത നാട്ടിൽ എത്തിയത്. തിരികെ ലണ്ടനിലേക്കു മടങ്ങവേയായിരുന്നു അപകടം. ഏറെ മോഹിച്ചു വച്ച വീടിന്‍റെ പണി പൂർത്തിയാകാതെയാണ് രഞ്ജിതയുടെ കണ്ണീർ മടക്കം. അമ്മ തുളസിക്കുട്ടിയമ്മയ്ക്കൊപ്പം രഞ്ജിതയുടെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി ഇന്ദുചൂഡനും ഏഴാം ക്ലാസ്  വിദ്യാർത്ഥി ഇതികയും കുടുംബവീട്ടിലാണ് താമസം. ഇതിനോടു ചേർന്ന് പുതുതായി പണിയുന്ന വീടിന്‍റെ ഒരു മുറിയും അടുക്കളയും പൂർത്തിയാക്കി ഇവരെ ജൂൺ 28ന് വീട്ടിൽ പ്രവേശിപ്പിക്കണമെന്ന് കോൺട്രാക്ടർക്ക് നിർദ്ദേശം നൽകിയാണ് രഞ്ജിത ലണ്ടനിലേക്ക് വിമാനം കയറിയത്. നാട്ടിൽ മടങ്ങിയെത്തിയ ശേഷം ബാക്കി പണി പൂർത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷ.

ENGLISH SUMMARY:

Ahmedabad, India: In a heartbreaking turn of events following the recent flight tragedy in Ahmedabad, authorities have recovered and handed over severely charred gold ornaments belonging to Nurse Ranjitha, who was among the victims. Ranjitha, a Kerala native, was a beacon of hope and dreams for her family, and her untimely death has deeply saddened her loved ones.