നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ സാംസ്കാരിക നായകരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു. എഴുത്തുകാര്‍ രാഷ്ട്രീയമായും അല്ലാതെയും പ്രതികരണങ്ങളുമായി രംഗത്ത് വന്നതോടെ സ്വരാജിനെ എഴുത്തുകാര്‍ പിന്തുണയ്ക്കുന്നത് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോയ് മാത്യു. കാട്ടാന വന്നു. ജനം ക്ഷമിച്ചു കാട്ടുപന്നി വന്നു. ജനം ക്ഷമിച്ചു, കടുവ വന്നു. ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു. ജനം ക്ഷമിച്ചു, സാംസ്കാരിക നായകർ വന്നു. ജനം പ്രതികരിച്ചു, എന്നാണ് കുറിപ്പ്. നേരത്തെ ആര്യാടന്‍ ഷൗക്കത്തിനായി ജോയ് മാത്യു രംഗത്ത് ഇറങ്ങിയിരുന്നു.
അതേ സമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.