സംസ്ഥാന പൊലീസ് മേധാവിയെ നിര്‍ണയിക്കുന്നതിനുള്ള യുപിഎസ്‌സി യോഗം വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേരാനിരിക്കെയാണ് എംആര്‍ അജിത്കുമാറിന്‍റെ ക്ഷേത്രദര്‍ശനം. നിലവില്‍ സംസ്ഥാനം കൊടുത്ത ആറുപേരുടെ പട്ടികയില്‍ അവസാനമാണ് അജിത്കുമാറിന്‍റെ പേരുള്ളത്. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കുറവെന്ന സൂചനകള്‍ക്കിടെയാണ് ക്ഷേത്രദര്‍ശനം.
ഇന്ന് ഉച്ചയ്ക്ക് മുമ്പ് 11നും 11.30നും ഇടയ്ക്ക് അതീവരഹസ്യമായാണ് അജിത്കുമാര്‍ കൊട്ടിയൂരിലെത്തിയത്. 20 മിനിറ്റ് കൊണ്ട് ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു. തനിച്ചാണ് എത്തിയതെന്നാണ് വിവരം. ഉദ്ധിഷ്ടകാര്യത്തിനും നന്ദിയായിട്ടും സമര്‍പ്പിക്കാറുള്ള സ്വര്‍ണക്കുടം വഴിപാടായി സമര്‍പ്പിച്ചു. 1500 രൂപയാണ് സ്വര്‍ണക്കുട വഴിപാടിന്‍റെ ഫീസ്. മുന്‍കൂട്ടി ബുക്ക് ചെയ്ത് ഭാരവാഹികളെ അടക്കം വിവരമറിയിച്ചാണ് എഡിജിപിയുടെ ദര്‍ശനം.
അതീവരഹസ്യമായി നടത്തിയ ദര്‍ശന സമയത്ത് ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ ഓഫായിരുന്നുവെന്നാണ് സൂചന. എഡിജിപി ദര്‍ശനം നടത്തുമ്പോള്‍ വിവരം പുറത്തുപോകാതിരിക്കാന്‍ മൊബൈല്‍ ജാമറുകള്‍ ക്ഷേത്രത്തിനുള്ളില്‍ ഘടിപ്പിച്ചിരുന്നതായി സംശയമുണ്ട്. ഈ സമയത്ത് ക്ഷേത്രത്തിനുള്ളിലെ ഒരാളെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതാണ് സംശയത്തിനിടയാക്കിയത്.