മറയൂരിൽ മാത്രമല്ല പാലക്കാട് മണ്ണാർക്കാടിലുമുണ്ട് ലക്ഷകണക്കിന് രൂപാ വിലവരുന്ന ചന്ദനമരങ്ങൾ. മുതുകുറുശ്ശി സ്വദേശി കൃഷ്ണദാസാണ് റബർ വെട്ടി ചന്ദന കൃഷി തുടങ്ങിയത്. ചന്ദനം കൃഷി ചെയ്യാൻ പറ്റുമോ, ലാഭം സർക്കാരിനല്ലേ നമുക്ക് കിട്ടുമോ തുടങ്ങീ ചോദ്യങ്ങൾക്ക് കൃഷ്ണദാസിന്റെ കൃഷി കാണിച്ചു മറുപടി പറയുന്നുണ്ട് വനംവകുപ്പ്.
നീണ്ടു നിവർന്നു കിടക്കുന്ന രണ്ടേക്കർ ഭൂമിയിൽ രണ്ടായിരത്തിലധികം ചന്ദന മരങ്ങൾ. മുതുകുറുശ്ശി സ്വദേശി കൃഷ്ണദാസിന്റെതാണ്. കൃഷിയെ പറ്റി കൃഷ്ണദാസ് പഠിച്ചത് 2019 ൽ. അക്കൊല്ലം തന്നെ തെങ്കരയിൽ വാങ്ങിയ തോട്ടത്തിലെ റബർ മരങ്ങൾ മുറിച്ചു മാറ്റി ചന്ദന തൈകൾ നട്ടുതുടങ്ങി. ഈ മണ്ണ് ചന്ദന കൃഷിക്ക് അനുയോജ്യമല്ലെന്ന് പലരും പറഞ്ഞു, നിരുത്സാഹപ്പെടുത്തി. പിന്നോട്ട് പോയില്ല. അഞ്ചടി അകലത്തിൽ ആദ്യം ആയിരവും പിന്നെ ആയിരം മരവും നട്ടു. മരങ്ങളുടെ മൂലകങ്ങൾക്കായി ആതിഥേയ സസ്യങ്ങളും വളർത്തി. ഇന്ന് പ്രതീക്ഷിച്ചതിനേക്കാളും വേഗത്തിൽ മരം വളരുന്നുണ്ട്. 12 മുതൽ 15 വർഷം വരെ പ്രായമായാൽ തടിക്ക് 50 സെൻ്റീ മീറ്റർ വണ്ണം എത്തിയാൽ വെട്ടി വിൽക്കാം.
ചന്ദനമരം കൃഷി ചെയ്‌താൽ അത് വനം വകുപ്പിന്റേതാവില്ലേ, ലാഭം സർക്കാരിനല്ലേ എന്ന ചോദ്യം പലർക്കുമുണ്ടാകും. അതിനുള്ള മറുപടി മണ്ണാർക്കാട് ഡി. എഫ്.ഒ തന്നെ തരും. ഖത്തറിൽ ജോലി ചെയ്തു വരികയാണ് കൃഷ്ണദാസ്. ഭാര്യ മഞ്ജുഷയാണ് എല്ലാ പിന്തുണയും. ഏതാനും വർഷങ്ങൾ കൂടെ കഴിഞ്ഞാൽ ചന്ദന സുഗന്ധത്താൽ സമ്പന്നമാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കൃഷ്ണദാസ്.