പാസ്പോർട്ട് എടുക്കാൻ ഇനി പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ ക്യൂ നിൽക്കേണ്ട. വീട്ടുപടിക്കൽ പാസ്പോർട്ട് വണ്ടി ഉരുണ്ടെത്തും. കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസിലും മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ റെഡി ആയിട്ടുണ്ട്.പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ പൊതുവേ തിരക്കാണ്. ഈ തിരക്ക് നിയന്ത്രിക്കാനും നടപടിക്രമങ്ങൾ വേഗത്തിൽ ആക്കാനും ആണ് മൊബൈൽ പാസ്പോർട്ട് വാൻ സംവിധാനം. കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ അധികാരപരിധിയിലുള്ള മേഖലകളിൽ വാൻ സഞ്ചരിച്ച് അപേക്ഷകൾ ഓൺലൈനായി പ്രോസസ്സ് ചെയ്യും.
പാസ്പോർട്ടിനായി അപേക്ഷിക്കുമ്പോൾ മൊബൈൽ പാസ്പോർട്ട് എന്ന ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്. അപേക്ഷകന്റെ മേഖലയിൽ വാൻ എത്തുന്ന തീയതിയും സമയവും മുൻകൂട്ടി അറിയിക്കും. ബയോമെട്രിക് ക്യാപ്ചറിങ് സംവിധാനം വാനിലുണ്ട്. കൊച്ചി വില്ലിംഗ്ടൺ ഐലന്റിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ഉദ്ഘാടനം. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ പാസ്പോർട്ട് വാൻ ഒരുക്കിയിട്ടുണ്ട്.