ആരോഗ്യമന്ത്രിയും കളക്ടറും എംഎൽഎയും വരെ ശ്രമിച്ചിട്ടും പരിഹാരമില്ലാതെ കാസർകോട്ടെ ഡോക്ടർ ക്ഷാമം. 70ന് മുകളിലുള്ള ഡോക്ടർമാരുടെ ഒഴിവ് നികത്താൻ 36 പേരെ പിഎസ്സി വഴി നിയമിച്ചെങ്കിലും ജോലിക്ക് എത്തിയത് രണ്ടുപേർ മാത്രം. ഇതിനുപുറമേ 23 പേർക്ക് സ്ഥലം മാറ്റവും കൂടി നൽകിയതോടെ ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവ് സെഞ്ച്വറി അടിച്ചു.
ഡോക്ടർ ക്ഷാമത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് 77 പേർ വേണ്ടിടത്ത് പിഎസ്സി വഴി ജില്ലയിൽ 36 പേരെ നിയമിച്ചത്. ഇതിൽ 20 പേരാണ് നിയമന ഉത്തരവുമായി എത്തിയത്. എന്നാൽ 18 പേർ പ്രവേശന ദിവസം തന്നെ പിജി പഠനത്തിനായി അവധിയെടുത്ത് മടങ്ങി. ബാക്കി രണ്ടുപേരിൽ ഒരാൾ കൂടംങ്കല്ല് താലൂക്ക് ആശുപത്രിയിലും, മറ്റൊരാള്‍ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലുമാണ് ജോലി ചെയ്യുന്നത്.
പിജി പഠനത്തിന് പോകണം എന്ന ഡോക്ടർമാരുടെ ആവശ്യം ജില്ലാ ആരോഗ്യവകുപ്പിന് അവഗണിക്കാൻ കഴിയില്ല. അതിനാൽ പേരിന് മാത്രമാണ് ജില്ലയിൽ പിഎസ്സി നിയമനം നടന്നത്. ഇതിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡിഎംഒയെ പൂട്ടിയിട്ടു വരെ സമരം നടന്നു.പ്രതിസന്ധി രൂക്ഷമായിരിക്കെ 23 പേർക്ക് സ്ഥലമാറ്റവും നൽകി ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവ് നൂറിലെത്തിച്ചു. കാഞ്ഞങ്ങാട്ട് സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രി രാത്രികാല പരിശോധന നിർത്തി. ജില്ലയിൽ രാത്രിയും പോസ്റ്റുമോർട്ടം ഉണ്ടായിരുന്ന ജനറൽ ആശുപത്രിയും പ്രതിസന്ധിയിലായി. ഉള്ള ഡോക്ടർമാരാവട്ടെ അമിത ജോലിഭാരം മൂലം മാനസിക സമ്മർദ്ദത്തിലും.