കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കഴിഞ്ഞ മാസം 30–നാണ് പയ്യാമ്പലം ബീച്ച് കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം അഞ്ചുവയസുകാരന്‍ പോയത്. അവിടെവെച്ച് നായയുടെ കടിയേറ്റു. മുഖത്തും കൈയ്യിലുമാണ് കടിയേറ്റത്. ഉടനെ തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്സീന്‍ നല്‍കി.
അതുവരെ മൂന്ന് ഡോസുകള്‍ പൂര്‍ത്തിയായി. പിന്നീടാണ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണുന്നത്. ജില്ലാ ആശുപത്രിയിലെത്തിച്ച കുട്ടിയെ അടിയന്തരമായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തമിഴ്നാട് സ്വദേശികളുടെ കുട്ടി അതീവഗുരുതരാവസ്ഥയിലാണ്. വാക്സീനെടുത്തിട്ടും കുട്ടിയ്ക്ക് പേവിഷബാധ കണ്ടെത്തിയത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍, മുഖത്തും കൈകളിലും കടിയേറ്റാല്‍ മരുന്ന് ഫലിച്ച് തുടങ്ങുംമുമ്പ് വൈറസ് തലച്ചോറിലെത്തുമെന്നും അതുകൊണ്ടാണ് പേവിഷബാധയുണ്ടാകുന്നതെന്നുമാണ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിശദീകരണം. വാക്സീന്‍റെ ഫലപ്രാപ്തിയില്‍ സംശയം വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്