വലയെ പ്രേമിച്ചവൻ", "നെറ്റ് വർക്ക് മാനേജർ" എന്നൊക്കെ വിളിച്ചു ചേര സാറിനെ കളിയാക്കിയവർ ശ്രദ്ധിക്കുക, സാറിനെ സംസ്ഥാന ഉരഗമാക്കി പ്രഖ്യാപിച്ചാലോ എന്നൊരു ആലോചനയിലാണ് സർക്കാർ. രാജവെമ്പാല, മൂർഖൻ, അണലി, വെള്ളിക്കെട്ടൻ തുടങ്ങി വിഷവീര്യമുള്ള 'ശരിക്കും' സാറന്മാർ ഉള്ളപ്പോൾ എന്തുകൊണ്ടായിരിക്കും പാവം ചേരയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്? കർഷക മിത്രം എന്ന നിലയിലാണ് ചേരയ്ക്ക് ഇങ്ങനെ ഒരു പദവി നൽകിയാലോ എന്ന് ആലോചന. വിളകൾ നശിപ്പിക്കുന്ന എലികളെ ഏറ്റവും കൂടുതൽ ഇല്ലാതാക്കുന്നതിൽ സാറിന്‍റെ സേവനം പെരുത്തിഷ്ടപ്പെട്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തിനൊരുങ്ങുന്നത്. . ഇതുവഴി കൃഷി സംരക്ഷണം മാത്രമല്ല, പല അപകടകരമായ സഹാചര്യങ്ങളെ അകറ്റി നിർത്താനും സാധിക്കുമത്രേ. മറ്റു വിഷപാമ്പുകളുടെ മുട്ടകളും അവയുടെ കുഞ്ഞുങ്ങളെയും തിന്നുന്നത് കൊണ്ട് മനുഷ്യ വന്യജീവി സംഘർഷത്തിൽ അയവു വരുത്താനും ഇടപെടുന്നു.
ചേരയെ കൊന്നാൽ?
വന്യജീവി സംരക്ഷണ നിയമപ്രകാരം ചേരയും നീർക്കോലിയും മുതൽ മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഇനം പാമ്പുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ്. അതുകൊണ്ട് തന്നെ ചേരയെ കൊന്നാൽ മൂന്നുവർഷത്തിൽ കുറയാത്ത തടവ് ലഭിക്കാവുന്ന കുറ്റമാണ്. സാറിനെ കാണുമ്പോൾ വടിയെടുക്കാൻ പോകും മുൻപ് ഇതൊന്ന് ഓർക്കുക
പ്രത്യേകതകൾ
വളരെ നീളമുള്ള ശരീരമാണ്. കടുംമഞ്ഞ നിറത്തിൽ കറുത്ത വലക്കണ്ണികൾ പോലെയുള്ള അടയാളം ശരീരത്തിൽ ഉടനീളം കാണാം. ചിലപ്പോൾ കറുത്ത നിറത്തിലും കാണപ്പെടാം. ആവാസവ്യവസ്ഥയിലെ പ്രത്യേകത കൊണ്ടാണിത്. ഈ വ്യത്യാസം അനുസരിച്ചു മഞ്ഞചേര, കരിഞ്ചേര എന്നൊക്കെ വിളിക്കപ്പെടാറുണ്ട്. അതായത് രണ്ടും ഒരു സ്പീഷീസ് തന്നെ. ചിതൽപുറ്റിനടുത്തും, എലികളുടെയും മറ്റ് ജീവികളുടെയും മാളങ്ങള്‍ക്കടുത്തും, മരത്തടികൾക്കും പാറക്കെട്ടുകൾക്കുമിടയിലും പതിവായി ചേരയെ കാണാം. ശരീരത്തിന്‍റെ ഘടനയിലുള്ള സാമ്യം മൂലം പലപ്പോഴും ഇവയെ മൂർഖൻ എന്ന് തെറ്റിദ്ധരിക്കാറുണ്ട്. തല്ലിക്കൊല്ലാറുമുണ്ട്.
മിത്തുകൾ
ചേരയും മൂർഖനും രണ്ട് സ്പീഷീസ് ആണ്. അതുകൊണ്ട് തന്നെ ഇണ ചേരൽ അസാധ്യമാണ്. ചേരയുടെ ഇണ എപ്പോഴും ചേര തന്നെയായിരിക്കും.മാത്രവുമല്ല, പലപ്പോഴും മൂർഖൻ ചേരയെ ഭക്ഷണമാക്കാറുണ്ട്.
ചേര ചുറ്റിയാൽ വിടില്ല , ചുറ്റിയ ഭാഗത്തെ തൊലിയുമായേ പോകൂ, ചേര വാല് കൊണ്ട് കുത്തും തുടങ്ങിയവയും കെട്ടുകഥകൾ ആണ്.
* മലർന്ന് കടിച്ചാലും കമിഴ്ന്നു കടിച്ചാലും ചേരയ്ക്ക് വിഷമില്ലാത്തത് കാരണം വിഷം ഏൽക്കുമെന്ന പേടി വേണ്ട. എന്നാൽ അണുബാധയുണ്ടാവാനുള്ള സാധ്യത കാരണം ആശുപത്രിയിൽ പോവുകയും ചികിത്സ തേടുകയും വേണം.