എറണാകുളം ജഡ്ജി മുക്കില്‍ വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടാതിരിക്കാനായി റോഡിലെ കുഴിയിലെ ചെളിവെള്ളം കോരികളഞ്ഞ സ്കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. തൃക്കാക്കര കാര്‍ഡിനല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കെ.എ. നസ്മിനാണ് വൈറല്‍ താരമായത്.
സ്കൂളിലേക്ക് പോകുംവഴി കാല്‍വഴുതി നസ്മിന്‍ വെള്ളക്കെട്ടിലെ കുഴിയില്‍ വീണിരുന്നു. അറ്റകുറ്റപ്പണിക്കായി കുഴിച്ച കുഴിയില്‍ പിന്നാലെ വരുന്ന യാത്രക്കാര്‍ വീണ് അപകടമുണ്ടാകുമെന്ന് മനസിലാക്കിയതോടെയാണ് നസ്മിന്‍ സമീപത്തെ കടയില്‍ നിന്ന് പാത്രം വാങ്ങി കുഴിയിലെ വെള്ളം വറ്റിച്ചത്. സ്കൂള്‍ യൂണിഫോമില്‍ ചെളിവെള്ളം കോരി കളയുന്ന വിദ്യാര്‍ഥിനിയുടെ ദൃശ്യം വഴിയാത്രക്കാരിലാരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.
ഒരുപാട് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായി പരിശ്രമിക്കുന്ന മോള്‍ക്ക് ബിഗ് സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. മിടുക്കിയെന്നും ഇതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം എന്നുമൊക്കെയാണ് കമന്‍റുകള്‍. നാട്ടിലെ ശോചനീയാവസ്ഥ കൂടി ഈ വിഡിയോ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.