തിരുവനന്തപുരത്ത് നടന്ന അയ്യങ്കാളി ചരമദിന പരിപാടിയിൽ തലപ്പാവ് അണിയിക്കാൻ ശ്രമിച്ച സംഘാടകരോട് അത് വേണ്ടെന്ന് വേടൻ. സംഘാടകർ തലപ്പാവ് അണിയിക്കാൻ ശ്രമിക്കുന്നതും, വേടൻ അത് വേണ്ടന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ശേഷം സംഘാടകരുടെ സന്തോഷത്തിനായി തലപ്പാവ് കൈയ്യിലെടുത്ത് ഉയർത്തിക്കാണിച്ച ശേഷമാണ് വേടൻ വേദി വിട്ടത്.
ദലിതർ രാഷ്ട്രീയ ശക്തിയാകണമെന്നും സനാതന ധർമ വാദികളുടെ രാഷ്ട്രീയ മുതലെടുപ്പിന് നിന്ന് കൊടുക്കരുതെന്നും റാപ്പര്‍ വേടന്‍ പ്രസംഗത്തിൽ പറഞ്ഞു. അയ്യൻകാളി അനുസ്മരണ വേദിയിലായിരുന്നു വേടൻ രാഷ്ട്രീയം പറഞ്ഞത്. തിരുവനന്തപുരം വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ വേടൻ പുഷ്പാർച്ചന നടത്തിയ വേടന്‍ സാധുജന പരിപാലനസംഘം നൽകുന്ന പ്രഥമ വില്ലുവണ്ടി പുരസ്കാരവും ഏറ്റുവാങ്ങി.
'നമ്മളെല്ലാരും ഒരുമിച്ച് നില്‍ക്കുന്ന ഒരു കാലം വരും എന്ന പ്രതീക്ഷയിലാണ് ഞാനും എന്‍റെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുന്നത്. നമ്മളെ പോലെയുള്ള പട്ടികജാതി, ദലിത്, ആദിവാസി വിഭാഗത്തില്‍ പെട്ട ജനങ്ങളുടെ ഒരു വലിയ പ്രശ്നം ഒത്തൊരുമ ഇല്ലാത്തതാണ്. നമ്മുടെ സാഹോദാര്യമില്ലായ്മ ഇവിടെയുള്ള സനാതന ധര്‍മ വാദികള്‍ നമ്മെ വേര്‍തിരിക്കാന്‍ വലിയ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. അത് യുവതലമുറ മനസിലാക്കണം.നമ്മളെപ്പോഴും ഒരുമിച്ചായിരിക്കണം. ഒരു വലിയ രാഷ്ട്രീയ ശക്തിയായി മാറാന്‍ നമുക്ക് സാധിക്കട്ടെ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാനില്ലെങ്കില്‍ കൂടി അടുത്ത വര്‍ഷം മഹാവീരന്‍ അയ്യങ്കാളിയെ കാണാന്‍ ഇതേ തിരക്കുണ്ടാവണം. ഞാനൊരിക്കലും മഹാത്മാവ് എന്ന് പറയില്ല. അങ്ങനെയൊരു സംസ്കൃത വാക്ക് ഞാന്‍ ഉപയോഗിക്കില്ല. മഹാവീരന്‍ ആണയാള്‍,' വേടന്‍ പറഞ്ഞു.