വീണ്ടും ഒരു മഴക്കാലം. എല്ലാ മഴക്കാലത്തും, പ്രത്യേകിച്ചും മിഥുനം മഴയില്‍ മദിക്കുമ്പോള്‍ നന്തനാര്‍ ഓര്‍മകളില്‍ പെയ്തുതുടങ്ങും. അങ്ങാടിപ്പുറത്തെ വീടിന്റെ ഇറയവും. മഴക്കാലത്തെ ക്ലീഷേകളായി തൂവാനത്തുമ്പിയും ജോണ്‍സണ്‍ മാഷും കട്ടന്‍ചായയും പെയ്യുമ്പോള്‍ എന്റെ ഓര്‍മകളില്‍ ഇറ്റുവീഴുക നന്തനാരാണ്. ഉണ്ണിക്കുട്ടന്റെ ലോകവും പട്ടാള ക്യാംപുകളുടെ കഥകളും ആത്മാവിന്റെ നോവുകളും പറഞ്ഞ എഴുത്തുകാരന്‍.
1926ല്‍ മഴ പെയ്യുന്ന മിഥുനമാസം രാത്രിയില്‍ ജനിച്ച ഉണ്ണിക്കുട്ടനെന്ന ഗോപാലനെന്ന നന്തനാര്‍ 1974ലെ പാലക്കാട്ടെ വരണ്ട വേനലില്‍, മേടമാസത്തിലെ വേനല്‍മഴ പോലെ വിഷത്തിന്റെ നനവറിഞ്ഞു. അന്നൊക്കെ ജീവിക്കാനും മരിക്കാനുമുള്ള കാരണങ്ങള്‍ അത്ര സങ്കീര്‍ണമായിരുന്നില്ല. ആരെങ്കിലും നനുത്ത വാക്കുമായി ഒന്ന് തട്ടിയുണര്‍ത്തിരുന്നെങ്കില്‍, ഇനിയും മഴ പെയ്യുമെന്ന് പറഞ്ഞിരുന്നെങ്കില്‍, ഭാരതപ്പുഴയില്‍ അടുത്ത മഴയ്ക്കൊപ്പം ഒഴുകി നന്തനാര്‍ മരണത്തിന്റെ ഉപ്പുരസത്തില്‍ േചരില്ലായിരുന്നു.
വരണ്ടുപൊള്ളുന്ന ജീവിതം പട്ടാളത്തിലെത്തിച്ച നന്തനാര്‍ ആണ് തന്റെ ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പേനകൊണ്ട് മഴ ദുരിതമല്ല, തന്നെപ്പോലെയുള്ളവര്‍ ജീവിക്കുന്നതിന്റെ കാരണമാണെന്ന് എഴുതിയത്. ദുരിതങ്ങളുടെ വെള്ളപ്പൊക്കത്തില്‍ നിന്ന് സ്നേഹത്തിന്റെയും വീട്ടോര്‍മകളുടെയും നനുത്ത നീര്‍ച്ചാലുകള്‍ തീര്‍ത്തത്. മുറ്റത്ത് തുള്ളിക്കളിച്ച് കുണ്ടനിടവഴിയിലൂടെ ഒഴുകി, ചാലായി, തോടായി, പുഴയായി, ജീവിതത്തിന്റെ ഉപ്പുരസമറിയാനുള്ള യാത്രയായിരുന്നു മഴയെപ്പോലെ നന്തനാരുടെ ജീവിതവും.
മലയാളത്തിലെ മഴയാള എഴുത്തുകള്‍ ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന തുരുത്തുകള്‍ പോലെയാണ്. മഴ പെയ്തൊഴിയുമ്പോള്‍ തനിച്ചാവുന്നു. വികാരങ്ങളും വിചാരങ്ങളും നനഞ്ഞു കുളിരുന്നു. വാക്കുകള്‍ വിടരുന്നു.
മഴയില്‍ മുളയ്ക്കുന്ന വിത്തും നനയുന്ന മരങ്ങളും മരണങ്ങളും രോഗവും. കര്‍ക്കിടകത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും കനത്ത മഴയുടെ ഉന്മാദവും രതിസ്വപ്നങ്ങളും ഒറ്റപ്പെടലും വിരഹവും.
വെള്ളപ്പൊക്കത്തില്‍, തൂവാനത്തുമ്പികള്‍, സച്ചിദാനന്ദന്റെ മഴ, വിജയലക്ഷ്മിയുടെ മഴ, സുഗതകുമാരിയുടെ രാത്രിമഴ, റഫീഖ് അഹമ്മദിന്റെ തോരാമഴ.
എല്ലാം മഴയില്‍ നനഞ്ഞ വാക്കുകളുടെ തുരുത്തുകള്‍. പക്ഷേ മഴത്തുള്ളികള്‍ നന്തനാരെപ്പോലെ മറ്റാര്‍ക്കും ജീവജലമായിരുന്നില്ല. 'നാട്ടിലെ പൊക്കം കൂടിയ സ്‌ഥലം ക്ഷേത്രമാണ്. അവിടെ ദേവൻ കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു. വെള്ളം! സർവത്ര വെള്ളം! നാട്ടുകാരെല്ലാം കരതേടി പോയി’ (വെള്ളപ്പൊക്കത്തിൽ-തകഴി).
അന്നും അതിനു മുന്‍പും മഴ ദുരിതമായിരുന്നു. തകഴിക്കു മാത്രമല്ല എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും അതേക്കുറിച്ച് പറഞ്ഞു. ക്രൂരമാം വായു വീശുന്നതും പ്രാണഭയം വരുമാറ് ഇടിമുഴങ്ങിയതും ഘോരമായുള്ള വര്‍ഷങ്ങളുമാണ് എഴുത്തച്ഛന്‍ കണ്ടതും കേട്ടതും. തെരുതെരെ ചൊരിയും വാരികളില്‍ ധരണി നിറഞ്ഞു കവിഞ്ഞ് ദിഗന്തം പെരികിജ്ജലമായതായി കുഞ്ചന്‍ നമ്പ്യാര്‍ എഴുതി. ‘റെഡീമര്‍’ ബോട്ട് മുങ്ങി പല്ലനയാറ്റില്‍ വീണപൂവായ കുമാരനാശാനും ‘വന്‍വൃഷ്ടിയാല്‍ പാടേ കേരളഭൂമി കേണു ഭുവനം കണ്ണീരില്‍ മുക്കുന്നിതേ’ എന്ന് വിലപിച്ചു.
മഴ കണ്ടും നനഞ്ഞും ചുറ്റും നിറഞ്ഞും ദുരിതക്കയത്തില്‍ അവരും തകഴിയെപ്പോലെ അകപ്പെട്ടിട്ടുണ്ടാവാം. മഴയാള സാഹിത്യം അങ്ങനെ മഴയുടെ ദുരിതങ്ങളില്‍പെട്ട് തണുത്ത് വിറങ്ങലിച്ചു കുറേനാള്‍ നല്ല മയക്കത്തിലാണ്ടു.
ഇറയത്ത് പെയ്യുന്ന മഴയില്‍ മദ്യഗ്ലാസിലേക്ക് വെള്ളമൊഴിച്ച് നേര്‍പ്പിച്ച് ഗൃഹാതുരത ടച്ചിങ്സാക്കി മോന്തുന്ന കാലം പിന്നെ വന്നതെപ്പോഴാണ്? മലയാളി കേരളം വിട്ട് ഊഷരഭൂമികളില്‍ എത്തേണ്ടി വന്നു. അപ്പോള്‍ നാട്ടിലെ മഴ പലരുടെയും ഓര്‍മകള്‍ക്കൊപ്പം ഒഴുകി.
അങ്ങനെ നന്തനാരെഴുതി, ഒഴുകി.
‘പക്ഷേ മഴക്കാലമോ! മഴക്കാലം വരുന്നതോടെ പ്രകൃതീദേവി ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്നതുപോലെയാണ്. മഴക്കാലം ഓരോ പുല്‍ക്കൊടിത്തുമ്പിലും പുളകമുണ്ടാക്കുന്നു. സര്‍ഗശക്തിയുടെ മഹത്വം ശരിക്കും അനുഭവപ്പെടുന്നത് മഴക്കാലത്താണ്.
‘ ... ദാഹം തീര്‍ന്നു തണുത്ത ഭൂമി. മണ്ണിനടിയില്‍ കിടന്നിരുന്ന വിത്തുകള്‍ മുളച്ചു നാമ്പെടുത്ത ഹരിതാഭമായ ഭൂവിഭാഗം. സുഖകരമായ ചൂടും തണുപ്പും’
‘മഴക്കാലത്ത് നടുമുറ്റത്ത് വെള്ളം വന്നുവീഴുന്ന ശബ്ദം കേട്ടുകൊണ്ട് കിടക്കാന്‍ വളരെ ഇഷ്ടമാണ് ഗോപിക്ക്. നല്ലൊരു സംഗീതക്കച്ചേരി കേള്‍ക്കുന്നതുപോലെയുള്ള സുഖം’
വെള്ളം കാണാനുള്ള ആര്‍ത്തികൊണ്ട് ഒരു തുരുത്തില്‍ പോയി നില്‍ക്കാന്‍ കൊതിച്ചിട്ടുണ്ട് നന്തനാരിലെ പട്ടാളക്കാരന്‍ (അനുഭൂതികളുടെ ലോകം). നന്തനാരുടെ അവധികള്‍ പോലും നാട്ടിലെ മഴക്കാലത്തായിരുന്നു.
‘മിഥുനമാസമോ! ദാഹം തീര്‍ന്നു തണുത്ത ഭൂമി. മണ്ണിനടിയില്‍ കിടന്നിരുന്ന വിത്തുകള്‍ മുളച്ച് നാമ്പെടുത്ത ഹരിതാഭമായ ഭൂതലം. സുഖകരമായ ചൂടും തണുപ്പും. മനോഹാരിതകളുടെയും അനുഭൂതികളുടെയും അക്ഷയപാത്രമാണ് മിഥുനമാസം’
1974ലെ മേടമാസത്തിലായിരുന്നു നന്തനാരുടെ മരണം. പാലക്കാട് മുനിസിപ്പല്‍ സ്റ്റാന്‍ഡിനു സമീപത്തുള്ള കോമന്‍സ് ലോഡ്ജിലെ ഇരുപത്തിരണ്ടാം മുറിയില്‍. എന്തിനായിരുന്നു വിഷത്തിന്റെ നനവറിഞ്ഞത്? മഴയുടെ നനവുമായി രണ്ടാഴ്ച കഴിഞ്ഞാല്‍ ഇടവവും പിന്നാലെ മിഥുനവും വരുമെന്ന് നന്തനാര്‍ എന്തുകൊണ്ട് ഓര്‍മിച്ചില്ല? തിണ്ടിന്മേലിരുന്ന് എത്തിനോക്കുന്ന ഓന്തും കഴുത്തില്‍ കുടമണികെട്ടിയ ആട്ടിന്‍കുട്ടിയും അമ്മിഞ്ഞ കുടിച്ചു മതിയായ കുഞ്ഞിന്റെ മുഖവും വെള്ളത്തില്‍ നീന്തിക്കളിക്കുന്ന തവളക്കുഞ്ഞുങ്ങളും തുടങ്ങിയ കാഴ്ചകളാണ് നന്തനാര്‍ ജീവിക്കാന്‍ കാരണമായിരുന്നത്. പാലക്കാട്ടെ വരണ്ട വേനലില്‍ കിട്ടാതെപോയതും അതാവാം.