കനത്ത മഴയിൽ കാസര്‍കോട് പുത്തിഗെ ധർമത്തടുക്ക തലമുഗറിലെ സിപിഎം ബ്രാഞ്ച് ഓഫിസ് തകർന്നു. ഇന്നലെ രാവിലെയാണ് ഓഫീസിന്‍റെ പിന്നിൽനിന്നു മണ്ണുനീങ്ങി ചുമരിൽ വിള്ളലുണ്ടായത്. മേൽക്കൂര തകരാനും തുടങ്ങി. മണ്ണിടിയുന്നതറിഞ്ഞ് ഇവിടെയെത്തിയ പ്രദേശവാസികൾ നോക്കിനിൽക്കെ ഓഫിസ് പൂർണമായും നിലംപൊത്തുകയായിരുന്നു. അപകട സമയത്ത് ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
രണ്ടു ദിവസമായി കാസർകോട് ജില്ലയിൽ കനത്ത മഴയാണ്. താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറി. അതേ സമയം സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. പലയിടങ്ങളിലും കനത്തമഴ തുടരുകയാണ്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ പെരുമഴ പെയ്യുന്നു. ഇതോടെ വിലങ്ങാട് സെന്‍റ് ജോര്‍ജ് സ്കൂളിന് അവധി പ്രഖ്യാപിച്ചു. പുഴ കടന്ന് കുട്ടികള്‍ വരുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് മൊഗ്രാൽ പുഴയിൽ മഴവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. മദൂർ ഉൾപ്പെടെയുള്ള ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്.