TOPICS COVERED


തങ്ങളുടെ കാലശേഷം മക്കളെ നോക്കാന്‍ ആരുണ്ട് ? ഇതാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാകളെ അലട്ടുന്ന ഏറ്റവും ദുഖമേറിയ പ്രശ്നം. അതിനൊരു പരിഹാരം കാണുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാരഡൈസ് ട്രസ്റ്റ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ആജീവനാന്ത സംരക്ഷണം ലക്ഷ്യമിട്ട പദ്ധത്തിക്ക് ജില്ലയില്‍ തുടക്കമാവുകയാണ്,  ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവര്‍ അ‍ര്‍ഹിക്കുന്ന എല്ലാ പരിഗണനകളും കൊടുത്ത് അവര്‍ക്ക് അനിയോജ്യമായ സാഹചര്യത്തില്‍ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് പാരഡൈസിന്‍റെ ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാകളുടെ കൂട്ടായ്മയാണ് പദ്ധതിക്ക് പിന്നില്‍. കുട്ടികള്‍ക്ക്  വേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും പരാജയപ്പെടുന്ന ഘട്ടത്തിലാണ് രക്ഷിതാകള്‍ തന്നെ മുന്നിട്ടിറങ്ങി കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമം നടത്തുന്നത്. 

ഒരുങ്ങുന്നത് സ്വപ്നം കണ്ട സ്വ‍ര്‍ഗഭൂമി

കാലങ്ങളായി ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാകളും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഒപ്പം കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും.  രക്ഷിതാകളില്‍ നിന്ന് ഒരു നിശ്ചിത തുക സ്വീകരിച്ച് പാരഡൈസില്‍ വീടു നല്‍കും.  കോഴിക്കോട് കീഴരിയൂര്‍ പഞ്ചായത്തിലെ മീറോഡ് ഹില്‍സ്റ്റേഷനിലാണ് പ്രൊജക്ടിന്‍റെ പ്രവൃത്തി പുരോഗമിക്കുന്നത്.

രക്ഷിതാകള്‍ക്ക് മക്കളോടൊപ്പം ആ വീട്ടില്‍ വീട്ടില്‍ താമസിക്കാം. രക്ഷിതാക്കള്‍ ഇല്ലെങ്കിലും ആജീവനാന്തം കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ഒരുക്കും. കുഞ്ഞുങ്ങളുടെ കാലശേഷം രക്ഷിതാകള്‍ക്ക് വേണമെങ്കിലും വീട്ടില്‍ താമസിക്കാം. കുട്ടികളെ അവിടെ നിര്‍ത്തി പുറത്ത് പോയി വരാനുള്ള സൗകര്യവും രക്ഷിതാകള്‍ക്ക് ഉണ്ടാവും. 

 മൂന്ന് ഏക്കറിലാണ് പാരഡൈസ് പ്രൊജക്ട് ഒരുങ്ങുന്നത്. ഒരു കുടുംബത്തിനുള്ള ഒറ്റ വീടും കുട്ടികളെ ഒന്നിച്ച് നോക്കാനുള്ള ഡോര്‍മെറ്ററി സംവിധാനവും ഉണ്ടാവും.  കൂടാതെ തൊഴില്‍ പരീശീലന കേന്ദ്രങ്ങള്‍, പഠന മുറികള്‍, തെറാപ്പി സൗകര്യങ്ങള്‍, മാനസിക ഉല്ലാസത്തിനുള്ളപാര്‍ക്കുകള്‍. തിയേറ്ററുകള്‍, ടര്‍ഫ് ഗ്രൗണ്ടുകള്‍, പൊതു അടുക്കള എന്നിവയും ഒരുക്കുന്നുണ്ട്. പ്രാഥമിക ചികിത്സാ കേന്ദ്രം കൂടി ഉള്‍ക്കൊള്ളുന്നതാനും പാരഡൈസ്. ഭിന്നശേഷിയുള്ള കുട്ടികളെ കുറഞ്ഞ കാലത്തേക്ക് സംരക്ഷിക്കാനുള്ള റെസ്പെക്ട് കെയര്‍ സെന്‍ററും തുടങ്ങാന്‍ പദ്ധതിയുണ്ട്.

800 ചതരുശ്ര അടി വിസ്തീര്‍ണത്തിലുള്ള 30 വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിനോടകം 15 പേര്‍ പദ്ധതിയില്‍ ചേര്‍ന്ന് കഴിഞ്ഞു. അഞ്ച് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അധികം വൈകാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ട്രസ്റ്റികളുടെ ശ്രമം. ഭിന്നശേഷിക്കാരയ കുട്ടികള്‍ക്ക് സാമൂഹ്യ ജീവിതത്തിന് കൂടി അവസരം നല്‍ക്കാനാണ് പാരഡൈസ് ലക്ഷ്യമിടുന്നത്. 

പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള രക്ഷിതാകള്‍ക്ക് ബന്ധപ്പെടാം – കെ.കോയട്ടി – 9847110100 ( ട്രസ്റ്റി മെംമ്പര്‍)