‘എന്റെ പൊന്നുമോളെ’..; ആ അച്ഛന്റെ നിലവിളി കണ്ടുനിന്നവരുടെ നെഞ്ചുലച്ചു. കുഞ്ഞ് ഹെസയ്ക്ക് നാടൊന്നാകെ വിട നല്‍കി. കഴിഞ്ഞ ദിവസമാണ് കരൾമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് വിധേയയായ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. തുറവൂർ പെരിങ്ങാംപറമ്പ് പാറേക്കാട്ടിൽ സാന്റോ–-ധന്യ ദമ്പതികളുടെ മകൾ ഹെസ മറിയമാണ് മരിച്ചത്.
പിതാവ് സാന്റോയുടെ കരൾ പകുത്താണ് ഹെസയിൽ തുന്നിച്ചേർത്തത്.2024 നവംബറിലാണ് കരൾരോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കഴിഞ്ഞ മെയ് 20ന് കരൾമാറ്റിവച്ചു. കിടപ്പാടത്തിനുചേർന്നുള്ള ഭൂമിവിറ്റ് കിട്ടിയ തുകയും സുമനസ്സുകളുടെ സഹായവുംകൊണ്ടാണ് ചികിത്സയ്‌ക്ക് ആവശ്യമായ തുക കണ്ടെത്തിയത്. എന്നാല്‍ വിധി തുണച്ചില്ല, കുഞ്ഞ് ഹെസ ലോകത്തോട് വിട പറഞ്ഞു.
ആശുപത്രിക്കുസമീപം വാടകവീട്ടിൽ മാതാപിതാക്കളോടൊപ്പമാണ് ശസ്‌ത്രക്രിയക്കുശേഷം സാന്റോ കഴിഞ്ഞിരുന്നത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അമ്മ ധന്യയായിരുന്നു ഹെസയോടൊപ്പം. കുരുന്നിനെ അവസനാമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.