അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾക്കായി സഹോദരൻ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. ഡിഎൻഎ പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ എങ്കിലും വേണ്ടിവരുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. രാഷ്ട്രീയ സാമുദായിക നേതാക്കൾ അടക്കം ഒട്ടേറെപ്പേർ രഞ്ജിതയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തി.
രഞ്ജിതയുടെ പണിതീരാത്ത വീടിൻറെ മുറ്റത്ത് സംസ്കാര ചടങ്ങിനുള്ള ക്രമീകരണങ്ങൾ ഒരുക്കി തുടങ്ങി. ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ നൽകാൻ ബന്ധുവിനൊപ്പമാണ് രഞ്ജിതയുടെ സഹോദരൻ രതീഷ് പുറപ്പെട്ടത്. മൃതദേഹം തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ അതിവേഗം നാട്ടിലെത്തിക്കുമെന്ന് കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ മന്ത്രി വീണ ജോർജ് പറഞ്ഞു
ആന്റോ ആൻറണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ, യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ, ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് കാതോലിക്കാ ബാവാ തുടങ്ങി ഒട്ടേറെ പ്രമുഖർ രഞ്ജിതയുടെ വീട്ടിലെത്തി.രഞ്ജിതയുടെ അമ്മ കാൻസർ രോഗിയാണ് . മരണവാർത്തയറിഞ്ഞ് തളർന്നുവീഴുന്ന അമ്മയെയും രഞ്ജിതയുടെ രണ്ട് മക്കളെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പാടുപെടുകയാണ്. കോഴഞ്ചേരി സർക്കാർ ആശുപത്രിയിലെ നഴ്സായ രഞ്ജിത അവധി നീട്ടുന്നതിനായി നാലുദിവസത്തേക്ക് നാട്ടിലെത്തി യുകെയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.