തിരുവനന്തപുരം വിളവൂര്‍ക്കലില്‍ പാസ്റ്ററെയും സഹായിയായ സ്ത്രീയേയും ആശ്രമത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശ്രമത്തിന്‍റെ ഉടമസ്ഥ തര്‍ക്കത്തെ ചൊല്ലി കേസ് നടക്കുന്നതിനിടെയാണ് മരണം. ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.വിളവൂര്‍ക്കലിന് സമീപം പരുത്തന്‍പാറയില്‍ 12 വര്‍ഷത്തിലേറെയായി ബദസ്ഥ എന്ന ആശ്രമം നടത്തിവരികെയാണ് അന്തിയൂര്‍ക്കോണം സ്വദേശിയായ പാസ്റ്റര്‍ ദാസയ്യന്‍.
ഇവിടെ സഹായികളായി ചെല്ലമ്മ, ശാന്ത എന്നീ രണ്ട് വയോധികരുമുണ്ടായിരുന്നു. ഇതില്‍ 85 കാരനായ ദാസയ്യനെയും 83 കാരി ചെല്ലമ്മയെയുമാണ് ഇന്ന് രാവിലെ ആശ്രമത്തിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ശാന്തയാണ് രാവിലെ മൃതദേഹം കണ്ടത്. ഫയര്‍ ഫോഴ്സും പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു. മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. അതേസമയം മരണത്തിന്‍റെ സാഹചര്യത്തില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സാം എന്നയാള്‍ 12 വര്‍ഷം മുന്‍പ് സൗജന്യമായി നല്‍കിയ ഭൂമിയിലാണ് ദാസയ്യന്‍ ആശ്രമം നടത്തിയിരുന്നത്. ദാസയ്യന്‍റെ മരണശേഷം ഭൂമി സാമിന്‍റെ മക്കള്‍ക്ക് തിരികെ കൊടുക്കണമെന്നായിരുന്നു ഉപാധി.
എന്നാല്‍ അടുത്തിടെ ദാസയ്യന്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചു. ഇതറിഞ്ഞെത്തിയ സാം ഒന്നര ലക്ഷം രൂപ നല്‍കി ഭൂമി താന്‍ തന്നെ വാങ്ങിക്കാമെന്ന് അറിയിച്ചു. എന്നാല്‍ ഒന്നര ലക്ഷം പോര, നാല് ലക്ഷം കൂടി അധികം വേണമെന്ന് ദാസയ്യന്‍ അറിയിച്ചു. ഇതോടെ സാം കോടതിയെ സമീപിച്ചു. ഇതിന്‍മേലുള്ള തര്‍ക്കവും ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് മരണം. മരണസമയത്ത് ശാന്ത ആശ്രമത്തിലുണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞില്ലെന്നാണ് മൊഴി