കണ്ണീർ കടലായി മാറിയിരിക്കുകയാണ് രഞ്ജിതയുടെ വീട്, നാട് ഒന്നാകെ ആ മരണം വിശ്വസിക്കാനാവാതെ തളര്‍ന്നിരിക്കുകയാണ്. രഞ്ജിതയുടെ രണ്ട് മക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്ന ചിന്തയിലാണ് നാട്. സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് വന്ന രഞ്ജിതയുടെ കുട്ടി അറിയുന്നത് അവളുടെ അമ്മ എന്നേക്കുമായി അവരെ വിട്ടുപോയെന്നാണ്. വാവിട്ടു നിലവിളിക്കുന്ന ആ കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ വിങ്ങുകയാണ് നാട് ഒന്നാകെ. പുല്ലാട്ടെ കുടുംബവീട്ടിൽ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. Read More : ജീവന്‍ അവശേഷിപ്പിക്കാതെ ദുരന്തം; എയര്‍ ഇന്ത്യ 171ന് എന്തുസംഭവിച്ചെന്ന് പറയാന്‍ ആരുമില്ല
ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ഇന്നലെയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേയ്ക്ക് മടങ്ങിയത്. നേരത്തെ ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് നഴ്സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു.സർക്കാർ സർവീസിൽ ജോലി ലഭിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തെ അവധിക്കാണ് രഞ്ജിത നാട്ടിലെത്തിയതെന്നാണ് സമീപവാസികൾ പറയുന്നത്. നാട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം ലണ്ടനിൽ നിന്നും മടങ്ങി വരാനുള്ള ഉദ്ദേശത്തോടെയാണ് രഞ്ജിത കഴിഞ്ഞ ദിവസം ലണ്ടനിലേയ്ക്ക് യാത്ര തിരിച്ചത്. Read More : വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു.കെയിലേക്ക് ജോലിക്ക് പോകുമ്പോള്‍
അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് ലക്ഷ്യമാക്കി 1.17ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് തകർന്നു വീണത്. പാർപ്പിടമേഖലയിൽ, ഒരു ആശുപത്രിക്കു മുകളിലാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ കെട്ടിടങ്ങൾക്ക് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. ആകെ 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ എല്ലാവരും മരിച്ചതായാണ് വിവരം.