hessa-death

കുഞ്ഞുഹെസയെ നോക്കി എന്റെ കുഞ്ഞുകരളേ എന്ന് ആ അച്ഛന്‍ പലകുറി വിളിച്ചിട്ടുണ്ടാകും ഈ എട്ടുമാസത്തിനിടെ, അതും പോരാഞ്ഞ് അച്ഛന്‍ തന്റെ പാതി കരള്‍ അവള്‍ക്കായി പകുത്തുനല്‍കി, ഉള്ളുള്ള കാലം ആ പൂപ്പുഞ്ചിരി കാണാന്‍. പക്ഷേ വിധി സമ്മതിച്ചില്ല, വാത്സല്യവും സ്നേഹവും പൊതിഞ്ഞ് അച്ഛന്‍ ചേര്‍ത്തുവച്ച ആ കരളിനും കുഞ്ഞുഹെസയെ രക്ഷിക്കാനായില്ല, കരളിന്റെ കഷ്ണം പകുത്തു നല്‍കിയപ്പോള്‍ ആ പിതാവിന് തെല്ലുപോലും നൊന്തില്ല, എന്നാല്‍ ഇന്നലെ പാല്‍പ്പുഞ്ചിരി വറ്റിയ മുഖവുമായവള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞുകിടന്നപ്പോള്‍ കരള്‍ പിളരുന്ന വേദനയറിഞ്ഞു ആ ഹതഭാഗ്യനായ പിതാവ്. 

ഇന്നലെയാണ് തുറവൂര്‍ പെരിങ്ങാംപറമ്പ് പാറേക്കാട്ടില്‍ സാന്റോ വര്‍ഗീസ്–ധന്യ ദമ്പതികളുടെ മൂന്നാമത്തെ മകള്‍ ഹെസ മറിയം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. എട്ടുമാസം മാത്രമായിരുന്നു പ്രായം. മകളുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ജ്വല്ലറി ജീവനക്കാരനായ സാന്റോ കിടപ്പാടത്തോട് ചേര്‍ന്നുള്ള ഭൂമി വിറ്റു. ചികിത്സാച്ചിലവിനു ആ പണം തികയാതെ വന്നപ്പോള്‍ സുമനസ്സുകള്‍ സഹായിച്ചു. ഒടുവില്‍ ആ അച്ഛനേയും കുടുംബത്തേയും നാടിനേയും ദുഖത്തിലാഴ്ത്തി പൊന്നുമോള്‍ വിട പറഞ്ഞു. 

2024 നവംബറിലാണ് ഹെസയ്ക്കു കരള്‍ രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കരള്‍ മാറ്റിവയ്ക്കാതെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന സ്ഥിതി വന്നു. ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ശസ്ത്രക്രിയ നടന്നു. അവയവദാനം നടത്തിയ പിതാവ് സാന്റോ ഒരുമാസം ഡോക്ടറുടെ നിരീക്ഷണത്തിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് ചൊവ്വാഴ്ച്ച ഹെസ വിട പറഞ്ഞത്. കുഞ്ഞിനെ ഒരുനോക്ക് കാണാൻ നൂറ് കണക്കിന് ആളുകൾ വീട്ടിലെത്തി. അച്ചൻ്റെയും അമ്മയുടെയും ദുഃഖം ആളുകളെ കണ്ണീരിലാഴ്ത്തി. തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലായിരുന്നു സംസ്ക്കാരച്ചടങ്ങുകള്‍. ഹെല്‍ന ഗ്രേസ് സാന്റോ, ഹെയോണ്‍ ജോസ് സാന്റോ എന്നിവരാണ് കുഞ്ഞുഹെസയുടെ സഹോദരങ്ങള്‍. 

ENGLISH SUMMARY:

Looking at little Hessa, the father must have called her “my little darling” countless times over these past eight months. And not just that — he even gave her half of his liver, just to see that sweet little smile for as long as he could. But fate had other plans. Even that liver, wrapped in a father’s love and affection, could not save little Hessa.