അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഈ വിവാദ പ്രസ്താവന ഉണ്ടായത്. ‘പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്‍റെ സത്യമെന്തെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. അതില്‍ വിശ്വാസവുമുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായതിന് ശേഷം അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന’
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് റാപ്പര്‍ വേടന്‍. തൃശൂര്‍ക്കാര്‍ക്ക് ഒരു തെറ്റുപറ്റിയെന്നും അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാകാന്‍ കൊതിക്കുന്നവരുടെ നാടാണിതെന്നുമാണ് വേടന്‍റെ പ്രതികരണം. ‘ അടുത്ത ജന്മമുണ്ടെങ്കില്‍ ബ്രാഹ്മണനായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരുള്ള നാടാണിത്. സോറി, തൃശൂര്‍ക്കാര്‍ക്ക് ഒരു തെറ്റുപറ്റി. പേടിയും സഹതാപവുമാണ് ആ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിയത്. ഏത് നൂറ്റാണ്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. പിറവിയാല്‍ ഒരു മനുഷ്യന്‍ ഉന്നതനാണ് എന്ന് വിചാരിക്കുന്നത് എനിക്ക് മനസിലാകാത്ത ഒന്നാണ്’ വേടന്‍ പറഞ്ഞു.
അതേ സമയം വേടന്‍റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' എന്ന പാട്ടും വേടന്‍റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്‍റെ അടിസ്ഥാന ലക്ഷ്യം.