പൊട്ടിത്തെറിച്ചാലും മുങ്ങിത്താണാലും കാത്തിരിക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം. കോഴിക്കോട് തീരത്തു നിന്ന് 88 നോട്ടടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ട ചരക്കുകപ്പല്‍ വാന്‍ ഹായ് 503ലെ കണ്ടയിനറുകള്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍ കെല്‍പ്പുള്ള രാസസംയുക്തങ്ങളാണ് കപ്പലിലെ 157 കണ്ടയിനറുകളില്‍ നിറയെ . ഈ പ്രതിസന്ധിയെ എങ്ങിനെ അതിജീവിക്കുമെന്ന ആലോചനയിലാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അടക്കമുള്ളവര്‍ . കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഏറ്റെടുത്തിട്ടുള്ള രക്ഷാദൗത്യത്തില്‍ കപ്പിലിലെ തീയണയ്ക്കുന്നതിനാണ് പ്രാധമിക പരിഗണന. ഒപ്പം കടലില്‍ വീണ കണ്ടെയ്നറുകള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി.
കളനാശിനി മുതല്‍ കൂളന്‍റുവരെ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസസംയുക്തങ്ങളാണ് കണ്ടയിനറുകളില്‍ ഉള്ളത്. പലതും മാരക വിഷം. മറ്റു ചിലത് പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ളത് . കപ്പലിലെ കണ്ടയിനറുകളില്‍ നിറച്ചിരിക്കുന്ന രാസവസ്തുക്കള്‍ എന്തെല്ലാമെന്ന് നോക്കാം.
20 കണ്ടെയ്നറുകളില്‍ ബൈപൈറിഡിലിയം
ചർമ്മത്തിൽ വീണാല്‍ പൊള്ളലുണ്ടാക്കുന്ന രാസസംയുക്തമാണിത് . പാരാക്വാറ്റ്, ഡിക്വാറ്റ് എന്നീ ബൈപിരിഡിലിയം സംയുക്തങ്ങൾ ശ്വസിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൃഷിയിടങ്ങളിൽ കളകള്‍നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളിലെ പ്രധാന ചേരുവയും ബൈപൈറിഡിയലിയം തന്നെ
ഈഥൈല്‍ ക്ലോറോഫോര്‍മേറ്റ് : ഈഥൈൽ ക്ലോറോഫോർമേറ്റ് വളരെ വിഷാംശമുള്ളതും, കത്തുന്നതുമായ രാസവസ്തുവാണ് . ചര്‍മവുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഗുരുതരമായ പൊള്ളലുണ്ടാക്കും. അസിഡ് ക്ളോറൈഡുകൾ (Acid chlorides), കാർബാമേറ്റുകൾ (Carbamates), യൂറിയ (Ureas) എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു
ഡൈമീഥൈല്‍ സള്‍ഫേറ്റ്: ഇത് വിഷാംശം നിറഞ്ഞതും , കത്തുന്നതുമായ സംയുക്തമാണ്, നിരന്തരസമ്പര്‍ക്കം അർബുദമുണ്ടാക്കാനും സാധ്യതയുണ്ട്. ഡൈതൈൽ സൾഫേറ്റ് ഒരു എഥിലേറ്റിംഗ് ഏജന്‍റായി ഉപയോഗിക്കുന്നു . മീഥൈല്‍ ഗ്രൂപ്പിലുള്ള ഓര്‍ഗാനക് സംയുക്തങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു
ഹെക്സാമെത്തിലിന്‍ ഡൈസോ സയനേറ്റ് (Hexamethylenedisocyanate): നിറമില്ലാത്ത, ദ്രാവകരൂപത്തിലള്ള രാസവസ്തുവാണത് . പോളിയുറിത്തേനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. പെയിന്റുകൾ, കോട്ടിങ്ങുകള്‍ എന്നിവയുടെ നിര്‍മാണത്തിനും ഈ രാസസംയുക്തം മുഖ്യഘടകമാണ്.
ബെന്‍സോ ഫെനോണ്‍ (Benzophenone): വെളുത്ത, വിഷാംശമുള്ള രാസസംയുക്തം. ഉള്ളില്‍ ചെന്നാല്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. യൂവി-ക്യൂറിംഗ് ഇങ്കുകള്‍, പ്ലാസ്റ്റിക് പാക്കേജിംഗ് എന്നിവയിൽ ഫോട്ടോ ഇൻഷ്യേറ്റർ ആയി ഉപയോഗിക്കുന്നു.
ട്രൈക്ലോറോ ബെന്‍സീന്‍ (Trichlorobenzene): നിറമില്ലാത്ത, ദ്രാവകരൂപത്തിലുള്ള രാസവസ്തു. ഹെർബിസൈഡുകൾ, സോള്‍വന്‍റുകള്‍ , ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനുകളിലെ കൂളന്‍റുകൾ എന്നിവയിൽ ഉപയോഗിക്കുന്നു.
ലിഥിയം ബാറ്ററികള്‍ (Lithium Batteries): മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഇലക്ട്രിക് വാഹനങ്ങൾ (EVs) എന്നിവയിൽ ഉപയോഗിക്കുന്നു.
തീപിടിക്കാവുന്ന ക്ലാസ് 3 ദ്രാവകങ്ങള്‍: പെയിന്റുകൾ, സോള്വന്റുകൾ, ഇന്ധനങ്ങൾ, ക്ലീനറുകൾ എന്നിവയിൽ ഉപയോഗിക്കുന്നു.
എഥനോള്‍ (Ethanol): നിറമില്ലാത്ത, മധുരമുള്ള, ദ്രാവകമായ ആൽക്കഹോൾ. ആൽക്കഹോൾ, സോള്വന്റുകൾ, ബയോഫ്യൂവൽ, സാനിറ്റൈസറുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു.
ടര്‍പന്‍റൈന്‍ (Turpentine): നിറമില്ലാത്ത, ദ്രാവകരൂപത്തിലുള്ള രാസവസ്തു. പെയിന്റുകൾ, വാര്നിഷുകൾ എന്നിവ നിർമ്മിക്കാൻ, രാസവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
പ്രിന്‍റിങ് ഇങ്ക് (Printing Ink)
ഈതൈല്‍ മീഥൈന്‍ കീറ്റോണ്‍ (Ethyl Methyl Ketone): നിറമില്ലാത്ത, ദ്രാവകരൂപത്തിലുള്ള രാസസംയുക്തം. പെയിന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ് (Nitrocellulose with Alcohol): ഈഥർ അല്ലെങ്കിൽ എഥനോൾ പോലുള്ള ആൽക്കഹോളുകളിൽ ലയിച്ചിരിക്കുന്ന ദ്രാവകം. പ്രിന്റിംഗ് ഇങ്ക്, ഫോട്ടോഗ്രാഫിക് ഫിലിം, സാനിറ്റൈസറുകൾ എന്നിവയിൽ ഉപയോഗിക്കുന്നു.
നാഫ്തലീന്‍ (Naphthalene): വെളുത്ത രാസവസ്തു. ഡൈ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു.
പാരാ ഫോര്‍മാല്‍ഡിഹൈഡ് (Paraformaldehyde): ഫോർമാലിൻ നിർമ്മിക്കുന്നതിനും , ബയോളജിക്കൽ സാംപിളുകൾ സംരക്ഷിക്കാനും ഉപയോഗിക്കുന്നു. ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ എന്നിവയിലും ഉപയോഗിക്കുന്നുണ്ട്.