ക്ഷേമ പെൻഷനെ പറ്റിയുള്ള സിപിഎമ്മിന്റെ നുണക്കോട്ടകൾ തകർക്കുന്നുവെന്ന തലക്കെട്ടോടെ പുതിയ വിഡിയോയുമായി കോണ്‍ഗ്രസ് രംഗത്ത്. നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ വിതരണം ചര്‍ച്ചയായതോടെയാണ് കോണ്‍ഗ്രസ് വിഡിയോയുമായി രംഗത്തെത്തിയത്. ഷാഫി പറമ്പില്‍ എംപിയും പിസി വിഷ്ണുനാഥ് എംഎല്‍എയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ സാമൂഹ്യപെന്‍ഷന് തുടക്കമിട്ടതാര്, അത് ഏതൊക്കെ സര്‍ക്കാരുകള്‍ എത്ര വീതം കൂട്ടി, ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് 18 മാസം പെന്‍ഷന്‍ മുടങ്ങിയോ തുടങ്ങിയ ചോദ്യങ്ങള്‍ ഷാഫി പറമ്പില്‍ ചോദിക്കുമ്പോള്‍, രേഖകള്‍ വെച്ച് അതിന്‍റെ ഉത്തരം പിസി വിഷ്ണുനാഥ് പറയുന്ന തരത്തിലാണ് വിഡിയോ. 10 ചോദ്യങ്ങളുടെ ഉത്തരമാണ് വിഡിയോയിലുള്ളത്.
കേരളത്തില്‍ ആദ്യ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ആര്‍ ശങ്കര്‍ സര്‍ക്കാരാണെന്നും, 1980 മുതലാണ് പെന്‍ഷന്‍ ആരംഭിച്ചത് എന്ന ഇടത് പ്രചാരണം കളവാണെന്നുമാണ് രേഖകള്‍ സഹിതം അവര്‍ സമര്‍ഥിക്കുന്നത്. 1200 രൂപയാക്കിയത് യുഡിഎഫാണെന്ന് താന്‍ പറഞ്ഞപ്പോള്‍, ഇടത് സ്നേഹിതര്‍ അതിനെ ട്രോളുന്നുണ്ടെന്നും എന്നാല്‍ താന്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്നും പിസി വിഷ്ണുനാഥ് എംഎല്‍എ വ്യക്തമാക്കുന്നു.
സാമൂഹ്യ പെന്‍ഷന്‍ 300ല്‍ നിന്നും പടിപടിയായി ഉയര്‍ത്തിയ സംഖ്യ എത്രയാണെന്നും വിഡിയോയില്‍ വിശകലനം ചെയ്യുന്നു. എല്‍എസ്ജിഡി വെബ്സൈറ്റില്‍ പെന്‍ഷന്‍ ഓരോ വര്‍ഷവും കൂട്ടിയതിന്‍റെ ചരിത്രമുണ്ടെന്നും ആര്‍ക്കും പരിശോധിക്കാമെന്നും ഇരുവരും പറയുന്നു. 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നാണ് ഇരുവരും വാദിക്കുന്നത്. അതിന്‍റെ നിയമസഭാ രേഖകളും വിഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.